എല്ലാവരും ഷെയ്‌നിനെയും ഭാസിയേയുമൊക്കെയാണ് കുറ്റം പറയുന്നത്, യഥാർത്ഥ വില്ലൻ അവിടെ ഒളിച്ചിരിക്കുകയാണ്; ഉഡായിപ്പിന്റെ ഉസ്താദാണ് പെപ്പെയെന്ന് ജൂഡ് ആന്റണി

Tuesday 09 May 2023 12:24 PM IST

നടൻ ആന്റണി വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ജൂഡ് ആന്റണി. ഉഡായിപ്പിന്റെ ഉസ്താദാണ് ഈ നടനെന്നും സിനിയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി സഹോദരിയുടെ കല്യാണം നടത്തിയ ശേഷം പിന്മാറിയെന്നുമാണ് ആരോപണം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ ആരെയും കുറ്റം പറയുകയല്ല, എന്റെ വിഷമം കൊണ്ട് പറയുകയാണ്. വന്ന വഴി മറക്കുകയെന്നൊക്കെ പറയില്ലേ, ഇപ്പോൾ ഷെയ്ൻ നിഗം, ഭാസി ഇവരുടെയൊക്കെ പേരിൽ വരുന്ന ഏറ്റവും വലിയ കുറ്റമെന്ന് പറയുന്നത് കഞ്ചാവടിച്ചു, ലഹരിക്കടിമയാണെന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചയ്ക്ക് സാധാരണ മനുഷ്യനായിട്ടുള്ള പെപ്പെ എന്ന് പറയുന്നൊരുത്തനുണ്ട്. അയാൾ ഭയങ്കര സംഭവമാണ്, നല്ലവനാണെന്നൊക്കെയാണ് എല്ലാവരും വിചാരിക്കുന്നത്.

ഞാൻ നിർമിക്കാൻ തീരുമാനിച്ചിരുന്ന ഒരു ചിത്രമുണ്ട്. എന്റെ കൈയിൽ കാശുണ്ടായിട്ടല്ല. പെപ്പെ എന്റെ പടം ചെയ്യാൻ വന്ന അരവിന്ദ് എന്ന നിർമാതാവിന്റെയടുത്തുനിന്ന് പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി അവന്റെ പെങ്ങളുടെ കല്യാണം നടത്തി. അതിനുശേഷം സിനിമ തുടങ്ങുന്നതിന് പതിനെട്ട് ദിവസം മുമ്പ് പിന്മാറിയ ഒരുത്തനാണ് അവൻ.

ഞാൻ അപ്പോൾ മിണ്ടാതിരുന്നത് എന്താണെന്നുവച്ചാൽ എന്റെ അസോസിയേറ്റ് ആണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. അവന് ചീത്തപ്പേര് വരേണ്ടെന്ന് കരുതി മിണ്ടാതിരുന്നതാണ്. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം. മനുഷ്യത്വമാണ്. അല്ലെങ്കിൽ വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം. കാരണം ആന്റണി പെപ്പെ എന്ന് പറയുന്നത് സാധാരണക്കാരനാണ്. എന്റെ വീടിനടുത്തുള്ള അങ്കമാലിയിലെ ഒരുത്തനാണ്.

അവൻ കാണിച്ച വൃത്തികേടൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ല. ഇപ്പോൾ പറയാൻ കാരണമെന്താണെന്നുവച്ചാൽ, ഇങ്ങനെയുള്ള വൃത്തികെട്ടവന്മാർ സിനിമയിലുള്ളതുകൊണ്ടാണ്. ലഹരിയും കഞ്ചാവുമൊക്കെ പിന്നെയാണ്. സ്വഭാവമാണ് ആദ്യം നന്നാകേണ്ടത്. മനുഷ്യത്വം വേണം. ആ നിർമാതാവും ഭാര്യയുമൊക്കെ എന്റെ മുന്നിൽ കരഞ്ഞിട്ടുണ്ട്. ഞാൻ കരഞ്ഞിട്ടുണ്ട്. ഈ വൃത്തികേടൊക്കെ കാണിച്ച് അവൻ വേറെ സിനിമ ചെയ്തു. ആർ ഡി എക്‌സ് ചെയ്യുന്ന നിഹാസിന്റെ ആദ്യ സിനിമയായിരുന്നു അത്. ആ സിനിമ പിന്നീട് വേണ്ടെന്നുവച്ചു, ശാപമാണ് അതൊക്കെ.


എന്റെ നിർമാതാവ് മുടക്കിയ കാശ് എത്രയോ കാലം കഴിഞ്ഞ് അവൻ തിരിച്ചു തന്നു. അവനൊന്നും ഒരു യോഗ്യതയും ഇല്ല. ഈ പെല്ലിശ്ശേരി ഇല്ലെങ്കിൽ അവനൊന്നും ജീവിക്കാനുള്ള വകുപ്പൊന്നും ഇല്ല. ഇത്തരത്തിൽ നന്ദി ഇല്ലാത്ത ഒരുപാടാളുകൾ സിനിമയിൽ വരുന്നുണ്ട്.


എല്ലാവരും ഷെയ്ൻ നിഗത്തെയും ഭാസിയേയുമൊക്കെയാണ് കുറ്റം പറയുന്നത്. യഥാർത്ഥ വില്ലൻ അവിടെ ഒളിച്ചിരിക്കുകയാണ്. ഭയങ്കര ഉഡായിപ്പിന്റെ ഉസ്താദാണ് അവൻ.'- ജൂഡ് പറഞ്ഞു.