കുനോയിൽ നിന്ന് വീണ്ടും ദുഃഖ വാർത്ത; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. ദക്ഷ എന്ന് പേരിട്ട പെൺ ചീറ്റയാണ് ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് മരണ കാരണം. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. അസുഖം ബാധിച്ചാണ് ഇവ ചത്തത്. ഇതോടെ ചത്ത ചീറ്റകളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസമാണ് ഉദയ് എന്ന ചീറ്റ കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്. സാഷ എന്ന പെൺചീറ്റപ്പുലി വൃക്കരോഗം മൂലം നേരത്തെ ചത്തിരുന്നു.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും അഞ്ച് പെണ്ണും മൂന്ന് ആണും ഉൾപ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്ന് വിട്ടത്.