ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ വൻ സംഘർഷം, ആയിരങ്ങൾ തെരുവിൽ, സൈനിക ആസ്ഥാനത്തേയ്ക്ക് ഇരച്ചുകയറി

Tuesday 09 May 2023 7:34 PM IST

ലാഹോർ: മുൻ പ്രധാനമന്ത്രിയും പിടിഐ ചെയർമാനുമായ ഇമ്രാൻ ഖാന്റെ നാടകീയമായ അറസ്റ്റിന് പിന്നാലെ കലാപസമാനമായ സാഹചര്യത്തിലേയ്ക്ക് നീങ്ങി പാകിസ്ഥാൻ. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയ ഇമ്രാൻ ഖാനെ അർദ്ധ സൈനിക വിഭാഗമായ റേഞ്ചേഴ്സ് ഇരച്ചെത്തി അറസ്റ്റ് ചെയ്ത് രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ ക്രൂരമായി മർദ്ദിച്ചതായും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും പിടിഐ അറിയിച്ചിരുന്നു.

പിന്നാലെ ഇസ്ലാമാബാദിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ മറികടന്ന് ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങുകയായിരുന്നു. രാജ്യത്തെ മറ്റ് നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിക്കുകയും സർക്കാർ വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. പൊലീസും പ്രതിഷേധക്കാരും തെരുവിൽ ഏറ്റുമുട്ടിയതായാണ് വിവരം. സൈനിക ഉദ്യോഗസ്ഥരുടെ ഭവനങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.

വിദേശ ഫണ്ട് കേസിൽ ഇമ്രാൻ ഖാനെ ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ തന്റെ അറസ്റ്റിനെക്കുറിച്ചുള്ള സൂചന നൽകുന്ന ഇമ്രാൻ ഖാന്റെ വീഡിയോ തന്നെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പി ടിഐയ്ക്ക് വേണ്ടി വിദേശത്തു നിന്ന് കൃത്യമായ രേഖകളില്ലാതെ അനധികൃതമായി പണം സ്വീകരിച്ചെന്നാണ് ആരോപണം. കേസിൽ കഴിഞ്ഞ ഒക്ടോബറിലും ഇമ്രാൻ അറസ്റ്റിന്റെ വക്കിലെത്തിയിരുന്നു. അനുയായികൾ സംഘടിച്ച് ചെറുത്താതോടെ അറസ്റ്റിനായുള്ള ശ്രമം വിഫലമാവുകയായിരുന്നു. അതേസമയം ഇമ്രാൻ ഖാന്റെ അറസ്റ്റ് നിലവിൽ ഇസ്ലാമാബാദ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.