ക്വാറി സമരം തീർന്നു; ഉത്പന്നങ്ങൾക്ക് മൂന്ന് രൂപ വർദ്ധന

Wednesday 10 May 2023 12:10 AM IST
ക്വാറി

കണ്ണൂർ: ജില്ലയിലെ ക്വാറി സമരം ജില്ലാ കളക്ടർ വിളിച്ചുചേർത്ത ക്വാറി- ക്രഷർ ഉടമസ്ഥരുടെയും കരാറുകാരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിൽ ഒത്തുതീർന്നു. യോഗ തീരുമാനപ്രകാരം എല്ലാ ക്വാറി ഉത്പന്നങ്ങൾക്കും 2023 ഏപ്രിൽ ഒന്നിന് നിലവിലുണ്ടായിരുന്ന വിലയിൽ ജി.എസ്.ടി ഉൾപ്പെടെ ചതുരശ്ര അടിക്ക് മൂന്ന് രൂപ വർദ്ധിപ്പിക്കും. ഇതനുസരിച്ചുള്ള വില നിലവാര പട്ടിക എല്ലാ ക്വാറികളിലും ക്രഷറുകളിലും പ്രദർശിപ്പിക്കണം. ക്വാറി ഉത്പന്നങ്ങൾ കയറ്റുന്ന വാഹനങ്ങൾ ഉൾക്കൊള്ളാനാവുന്ന അളവ് പ്രദർശിപ്പിക്കണമെന്നും കളക്ടർ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, എ.ഡി.എം കെ.കെ ദിവാകരൻ, മൈനിംഗ് ആൻഡ് ജിയോളജി, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ ക്രഷർ ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ യു സയ്യിദ്, എം രാജീവൻ, സംഘടനാ നേതാക്കളായ സരിൻ ശശി, മുഹമ്മദ് അഫ്സൽ (ഡി.വൈ.എഫ്.ഐ), കെ.എസ് ശരൺ, കെ.വി സാഗർ (എ.ഐ.വൈ.എഫ്), പ്രിനിൽ മതുക്കേകാത്ത്, രാഹുൽ (യൂത്ത് കോൺഗ്രസ്), കെ.പി രാജൻ (സി.ഐ.ടി.യു), അരുൺ എ. ഭരത്, പി ലിജീഷ് (യുവമോർച്ച), അരുൺ കൈതപ്രം, സത്യൻ കൊമ്മേരി (ബി.ജെ.പി), കരാറുകാരുടെ സംഘടനകളായ സി.ഡബ്ല്യു.എസ്.എ, പി.ബി.സി.എ, ജി.സി.എ, കെ.ജി.സി.എ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.