ഡൽഹി പൊലീസിന്റെ നമ്പർ വേണമെന്ന് പാകിസ്ഥാനി നടി, ആവശ്യമറിഞ്ഞ് ആദ്യം ഞെട്ടി, വൈകാതെ നല്ല മറുപടിയും കൊടുത്തു

Wednesday 10 May 2023 3:48 PM IST

ലാഹോർ: ഡൽഹി പൊലീസിന്റെ നമ്പർ ആവശ്യപ്പെട്ട് പാകിസ്ഥാനി നടി ഷെഹർ ഷിൻവാരി. ഇന്ത്യയിലെ ഒരാളുടെ പേരിൽ പരാതി നൽകാനാണ് ഷെഹർ ഡൽഹി പൊലീസിന്റെ നമ്പർ ട്വിറ്ററീൽ ആവശ്യപ്പെട്ടത്. ഇനി ആർക്കെതിരെയാണ് പരാതി എന്നല്ലേ? പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദിയുടെ പേരിൽ. മാത്രമല്ല ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ പേരിലും കേസ് കൊടുക്കണമെന്നാണ് നടിയുടെ ആവശ്യം.

''ആർക്കെങ്കിലും ഡൽഹി പൊലീസിന്റെ നമ്പർ അറിയുമോ? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റോയുടെയും പേരിൽ എനിക്കൊരു പരാതി നൽകാനുണ്ട്. എന്റെ രാജ്യത്തിനെതിരായി കുപ്രചരണങ്ങളും, തീവ്രവാദവും പ്രചരിപ്പിക്കുയാണിവർ ചെയ്യുന്നത്. ഇന്ത്യൻ നിയമസംവിധാനം സൗജന്യമാണെന്നാണ് അവർ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ സുപ്രീം കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിക്കും''- ഷെഹർ ട്വിറ്ററിൽ കുറിച്ചത്.

എന്നാൽ ഇതിന് കൃത്യമായ മറുപടി ട്വിറ്ററിൽ തന്നെ ഡൽഹി പൊലീസ് നൽകി. ''ഞങ്ങൾക്ക് നിലവിൽ നിങ്ങളുടെ രാജ്യത്ത് അധികാരമില്ലെന്നത് വേദനയോടെ അറിയിക്കട്ടെ. നിങ്ങളുടെ രാജ്യത്ത് ഇന്റർനെറ്റ് സർവീസുകൾ വിച്ഛേദിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത് ട്വീറ്റ് ചെയ‌്‌തത് എങ്ങനെയാണെന്ന് അറിഞ്ഞാൽ കൊള്ളാം'' എന്നായിരുന്നു ഡൽഹി പൊലീസിന്റെ റീ ട്വീറ്റ്.