മൃതദേഹം ഇനിയും നാട്ടിലെത്തിക്കാനായില്ല; കണ്ണീരുണങ്ങാതെ ആൽബർട്ടിന്റെ കുടുംബം

Thursday 11 May 2023 12:05 AM IST
പ്രാർത്ഥനയോടെ കഴിയുന്ന ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം

ആലക്കോട്: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ കാവേരി വഴി ബഹുഭൂരിപക്ഷം ഇന്ത്യക്കാരും നാട്ടിലെത്തിയെങ്കിലും വിമത സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച ആലക്കോടിനടുത്തുള്ള കാക്കടവ് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ (46) മൃതദേഹം ഇപ്പോഴും സുഡാനിലെ ഹോസ്പിറ്റലിൽ മോർച്ചറിയിൽ തന്നെ.
ഇക്കഴിഞ്ഞ ഏപ്രിൽ 15നാണ് മുൻ സൈനികൻ കൂടിയായ ആൽബർട്ട് അഗസ്റ്റിൻ സുഡാന്റെ തലസ്ഥാനമായ ഖാർതോമിൽ സ്വന്തം ഫ്ളാറ്റിനുള്ളിൽ വെടിയേറ്റ് മരിക്കുന്നത്. ഭർത്താവിനൊപ്പം ഈസ്റ്റർ ആഘോഷിക്കാനെത്തിയ സൈബല്ല, മകൾ മരീറ്റ എന്നിവരുടെ കൺമുമ്പിൽ വച്ചാണ് ആൽബർട്ട് മരിക്കുന്നത്. രണ്ടു ദിവസത്തിനു ശേഷമാണ് മൃതദേഹം ഓംഡർമാനിലെ ടീച്ചിംഗ് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റാനായത്. 12 ദിവസത്തെ നരകജീവിതത്തിനൊടുവിൽ സൈബല്ലയെയും മകൾ മരീറ്റയെയും ഇന്ത്യൻ എംബസി രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. കാനഡയിൽ പഠിക്കുന്ന മകൻ ഓസ്റ്റിനും പിതാവിന്റെ മരണവാർത്തയറിഞ്ഞ് വീട്ടിലെത്തി.

കേന്ദ്രമന്ത്രി വി. മുരളീധരൻ, സുഡാനിലെ ഇന്ത്യൻ എംബസി, ആൽബർട്ടിന്റെ സുഡാനിലെ സഹപ്രവർത്തകർ, കമ്പനിയുടെ ഉദ്യോഗസ്ഥർ, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ എന്നിവയുടെയെല്ലാം സഹകരണം തങ്ങൾക്ക് തുണയായെന്ന് സൈബല്ല പറഞ്ഞു.

ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനായി സർക്കാർ ഡോക്ടർമാർ ആശുപത്രിയിലേക്ക് പോകുവാൻ തയ്യാറാകുന്നില്ല. വിമതസൈന്യം ഡോക്ടർമാരെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ പതിവാണത്രെ. മലയാളിയായ വിജയൻ നായർ എന്നയാളെയാണ് ഇന്ത്യൻ എംബസി തുടർനടപടികൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
26 ദിവസം കഴിഞ്ഞിട്ടും ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാൻ കഴിയാതെ വന്നതോടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് തങ്ങളെ സഹായിക്കണമെന്ന് യാചിച്ച് ആൽബർട്ടിന്റെ കണ്ണീരോർമ്മയിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് ആലവേലിൽ കുടുംബാംഗങ്ങളും നാട്ടുകാരും.

Advertisement
Advertisement