സഹകരണ മേഖലയിലെ  അപചയങ്ങൾ ഇല്ലാതാക്കും:  മന്ത്രി

Thursday 11 May 2023 12:57 AM IST

തിരുവനന്തപുരം: ഒറ്റപ്പെട്ടതെങ്കിലും സഹകരണ രംഗത്തുണ്ടാകുന്ന അപചയങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ടീം ഓഡിറ്റിലൂടെ സാധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. സുതാര്യമായി നടക്കുന്ന ഓഡിറ്റിലൂടെ സമയോചിതമായി പ്രശ്ന പരിഹാരം സാദ്ധ്യമാക്കും. സഹകരണ വകുപ്പ് ആർബിട്രേഷൻ അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നൈപുണ്യ വികസന വായ്പാ പദ്ധതി,ടീം ഓഡിറ്റ് സംവിധാനം എന്നിവയുടെ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിൻെ്റ മൂന്നാം നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി സഹകരണ സംഘങ്ങളുടെ ആർബിട്രേഷൻ ഫയലുകൾ തീർപ്പാക്കുന്നതിനാണ് പ്രത്യേക അദാലത്തുകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വി. ജോയ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ,​സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,​സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് തുടങ്ങിയവരും സംസാരിച്ചു.