കായംകുളം ഇന്നും ഓർക്കുന്നു ആശുപത്രി വിറപ്പിച്ച ആക്രമണം

Thursday 11 May 2023 12:33 AM IST
അക്രമത്തി​ന്റെ ദൃശ്യം

കായംകുളം : ലഹരിക്കടിമപ്പെട്ടയാളുടെ ആക്രമണത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട വാർത്തയറിഞ്ഞപ്പോൾ, കായംകുളത്തുകാരുടെ മനസിലേക്ക് ഓടിയെത്തിയത് ഒരു വർഷം മുമ്പ് കായംകുളം താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവമാണ്. അന്ന് ആർക്കും ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമായിരുന്നു.

കൊട്ടാരക്കരയിലേതിന് സമാനമായ ആ സംഭവം ഇങ്ങനെ : കഴിഞ്ഞ മേയ് 22ന് ഉത്സവ സ്ഥലത്തുണ്ടായ സംഘർഷത്തിനിടെ കാലിൽ പരിക്കേറ്റ നിലയിൽ കൃഷ്ണപുരം കാപ്പിൽ സ്വദേശി ദേവരാജൻ (63) ചികിത്സ തേടി കായംകുളം ആശുപത്രിയിലെത്തി. ഇവിടെ വച്ച് അക്രമാസക്തനായ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെയും സെക്യൂരിറ്റി ജീവനക്കാരനെയും കുത്തി പരിക്കേൽപ്പിച്ചു. നഴ്സിംഗ് റൂമിൽ അതിക്രമിച്ച് കയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് മുറിയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കി ആക്രമണം നടത്തിയത്.ഹോംഗാർഡ് ആറാട്ടുപുഴ ആതിര ഭവനിൽ വിക്രമന്റെ (56) വയറ്റിലും സെക്യൂരിറ്റി ജീവനക്കാരൻ മധുവിന്റെ (50) വലത് കൈക്കുമാണ് കുത്തേറ്റത്. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിവിൽ പൊലീസുകാരായ ശിവകുമാർ, ശിവൻപിള്ള, സാബുമാത്യു എന്നിവർക്കും കുത്തേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഒ.പി ബഹഷ്കരിച്ചിരുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ പറയുന്നത്.

ആശുപത്രിയിൽ പരിശോധനയ്ക്കായി പൊലീസ് കൊണ്ടുവരുന്ന, ലഹരിക്ക് അടിമപ്പെട്ടവർ കത്രികയും ആശുപത്രി ഉപകരണങ്ങളും കൈക്കലാക്കി ഡോക്ടമാരെയും ആശുപത്രി ജീവനക്കാരെയും പൊലീസിനെയും ആക്രമിക്കുന്നത് നിത്യസംഭവമാണെന്നും പറയപ്പടുന്നു. ആക്രമണത്തിൽ പലർക്കും പരിക്കേറ്റിട്ടുണ്ടങ്കിലും ജീവൻ നഷ്ട‌മാകാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്.

Advertisement
Advertisement