കർണാടകയിൽ തൂക്കുസഭയെന്ന് എക്സിറ്റ്പോൾ

Thursday 11 May 2023 12:28 AM IST

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് എക്സിറ്റ് പോളുകൾ. ഏഴു സർവേ ഫലം പുറത്തു വന്നതിൽ അഞ്ചെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പറയുന്നു. ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന് അഭിപ്രായപ്പെടുന്നത് രണ്ട് സർവേകൾ മാത്രമാണ്. ഇതോടെ മൂന്നാംകക്ഷിയായ ജനതാദളിന്റെയും എച്ച്.ഡി.കുമാരസ്വാമിയുടേയും നിലപാട് നിർണ്ണായകമാകും. തിരഞ്ഞെടുപ്പിന് മുമ്പെ നടന്ന അഭിപ്രായ സർവേകളിൽ ഭൂരിഭാഗത്തിലും കോൺഗ്രസ് തന്നെയായിരുന്നു മുന്നിൽ. 2018ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. അന്ന് ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അന്ന് ബി.ജെ.പി.യെ മാറ്റിനിറുത്തി കോൺഗ്രസ്, ജനതാദൾ സംയുക്ത സർക്കാരുണ്ടാക്കിയെങ്കിലും ഒരുവർഷത്തിന് ശേഷം ആ സർക്കാരിനെ അട്ടിമറിച്ച് കോൺഗ്രസിലേയും ദളിലേയും വിമത എം.എൽ.എ.മാരെ കൂട്ടുപിടിച്ച് ബി.ജെ.പി.ഭരണം നേടുകയായിരുന്നു. പിന്നീട് നാലുവർഷം ബി.ജെ.പി.ഭരിച്ചു.

Advertisement
Advertisement