ബംഗാളിൽ 'ദ കേരള സ്റ്റോറി' നിരോധനം: ഹർജി നാളെ സുപ്രീംകോടതിയിൽ

Thursday 11 May 2023 12:40 AM IST

ന്യൂഡൽഹി: ദ കേരള സ്റ്രോറി പശ്ചിമ ബംഗാളിൽ നിരോധിച്ചതിനെതിരെ സിനിമയുടെ നിർമ്മാതാവ് വിപുൽ ഷാ സമർപ്പിച്ച ഹ‌ർജി സുപ്രീംകോടതി നാളെ പരിഗണിക്കും. നിർമ്മാതാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സിനിമയുടെ റിലീസ് സ്റ്രേ ചെയ്യാൻ തയ്യാറാകാത്ത കേരള ഹൈക്കോടതി നടപടിക്കെതിരെ സമ‌ർപ്പിച്ച ഹർജികൾ മേയ് 15ന് പരിഗണിക്കുന്നുണ്ട്. നിർമ്മാതാവിന്റെ ഹർജിയും അന്ന് പരിഗണിച്ചാൽ പോരെയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. മറ്റ് ചില സംസ്ഥാനങ്ങൾ കൂടി നിരോധനത്തിലേക്ക് നീങ്ങുകയാണെന്നും, വലിയ സാമ്പത്തിക നഷ്‌ടമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഹരീഷ് സാൽവെ അറിയിച്ചത് അംഗീകരിച്ച ചീഫ് ജസ്റ്റിസ്, നാളെ ഹർജി പരിശോധിക്കാമെന്ന് വ്യക്തമാക്കി. പശ്ചിമ ബംഗാൾ സർക്കാരിന് ഹർജിയുടെ പകർപ്പ് കൈമാറാനും നിർദേശിച്ചു.

തമിഴ്നാട്ടിൽ സിനിമ അപ്രഖ്യാപിത വിലക്ക് നേരിടുകയാണെന്ന് ഹർജിയിൽ നിർമ്മാതാവ് ആരോപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിനിമക്കെതിരെ രണ്ട് സംസ്ഥാനങ്ങളും നിലപാടെടുത്തിരിക്കുന്നത്. എന്നാൽ,​ സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയെ വിലക്കാൻ കഴിയില്ലെന്നാണ് അണിയറ പ്രവർത്തകരുടെ വാദം. തിയേറ്റുകൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഇരു സംസ്ഥാനങ്ങളോടും നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു.

Advertisement
Advertisement