ഹിൻഡൻബർഗ്: റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറി

Thursday 11 May 2023 12:47 AM IST

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായോ മറ്റു കമ്പനികളുമായോ ബന്ധപ്പെട്ട് ഓഹരി വിപണിയിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി, സുപ്രീം കോടതിക്ക് റിപ്പോർട്ട് കൈമാറി. വിഷയം നാളെ പരിഗണിക്കാനിരിക്കെയാണ് റിട്ടയേർ‌ഡ് സുപ്രീംകോടതി ജഡ്‌ജി എ.എം.സാപ്രെ അദ്ധ്യക്ഷനായ ആറംഗ വിദഗ്ദ്ധ സമിതി മുദ്രവച്ച കവറിൽ സുപ്രീംകോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തുറന്നകോടതിയിൽ റിപ്പോർട്ട് നാളെ പരിശോധിച്ചേക്കും.

രാജ്യത്തെ നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങൾ ശക്തമാക്കാനും, പരിഹാര നിർദ്ദേശങ്ങൾ തയ്യാറാക്കാനുമാണ് ആറംഗ വിദഗ്ദ്ധസമിതി രൂപീകരിച്ചത്. കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, പൊതുപ്രവർത്തകരായ മനോഹർലാൽ ശർമ്മ, വിശാൽ തിവാരി, അനാമിക ജയ്സ്വാൾ എന്നിവർ സമർപ്പിച്ച പൊതുതാൽപര്യഹർജികൾ പരിഗണിച്ചായിരുന്നു മാർച്ച് രണ്ടിലെ സുപ്രീംകോടതി വിധി.

ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർ‌‌ഡ് (സെബി)​ ആറ് മാസം സമയം കൂടി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെബിയുടെ അപേക്ഷയും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് പന്ത്രണ്ട് ദുരൂഹ ഇടപാടുകളാണ് ഹിൻഡൻബർഗ് റിപ്പോ‌ർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സങ്കീർണ ഇടപാടുകളാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് സെബിയുടെ നിലപാട്. ദേശീയ, രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ മുഖേന നടന്ന ഇടപാടുകൾ പരിശോധിക്കണം. പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുളള ഇടപാടുകൾ വരെയുണ്ട്. അതിനാൽ പരിശോധനയ്‌ക്ക് കൂടുതൽ സമയമെടുക്കുമെന്ന് സെബി അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement