ഇമ്രാനെ 8 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, കലാപത്തിൽ മരണം ആറ്

Thursday 11 May 2023 5:05 AM IST

കറാച്ചി : മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​തെ​ഹ്‌​രീ​ക് ​ഇ​ ​ഇ​ൻ​സാ​ഫ് ​(​പി.​ടി.​ഐ)​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​നു​മാ​യ ​ഇ​മ്രാ​ൻ​ഖാ​ന് മേലുള്ള കുരുക്ക് മുറുകുന്നു. ഇമ്രാനെ എട്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് ആസ്ഥാനത്ത് സജ്ജീകരിച്ച പ്രത്യേക കോടതി ഇന്നലെ ഉത്തരവിട്ടു. ഇമ്രാൻ മേയ് 17 വരെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻ.എ.ബി) കസ്റ്റഡിയിൽ തുടരും.

ഇമ്രാനെ ചോദ്യം ചെയ്യാനായി എൻ.എ.ബിയുടെ റാവൽപിണ്ടിയിലെ ഗാരിസൺ ടൗണിലുള്ള ഓഫീസിലേക്ക് മാറ്റി. പാകിസ്ഥാനിൽ അഴിമതി കേസുകൾ അന്വേഷിക്കുന്ന ഏറ്റവും ഉന്നത ഏജൻസിയാണ് എൻ.എ.ബി. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നേ ഇമ്രാനെ കാണുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ടീമിനെ വിലക്കിയുന്നു.

സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് ഇമ്രാനെ പാർപ്പിച്ചിരുന്ന പൊലീസ് ആസ്ഥാനത്ത് ഹൗസിന് തന്നെ ഒറ്റത്തവണ പ്രത്യേക കോടതി പദവി നൽകാൻ തീരുമാനിച്ചത്. ഇമ്രാനെ ചോദ്യം ചെയ്യാൻ പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നായിരുന്നു എൻ.എ.ബി കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. ചൊവ്വാഴ്ച അറസ്റ്റിലായതിന് പിന്നാലെ ഇമ്രാൻ തോഷാഖാന കേസിലും കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തി.

മേയ് 17ന് കേസിൽ വീണ്ടും വാദം കേൾക്കും. അ​ൽ​ ​ഖാ​ദി​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ഴി​മ​തി​ ​കേ​സി​ലാ​ണ് ഇമ്രാനെ ചൊവ്വാഴ്ച ​പാ​ക് ​റേഞ്ചേഴ്സ് ( അ​ർ​ദ്ധ​സൈ​നി​ക​ർ​ ​)​ ​അ​റ​സ്റ്റ് ​ചെ​യ്‌​ത​ത്.​ അതേ സമയം, ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ തിരികൊളുത്തിയ കലാപം രാജ്യവ്യാപകമായി ആളിക്കത്തുകയാണ്.

പി.ടി.ഐ വൈസ് ചെയർമാൻ ഷാ മെഹ്‌മൂദ് ഖുറേഷി,​ സെക്രട്ടറി - ജനറൽ അസാദ് ഉമർ അടക്കം ഇതുവരെ 1,200ലേറെ പേർ അറസ്റ്റിലായി. ആറ് പേർ കൊല്ലപ്പെട്ടു. 200ഓളം പൊലീസുകാർക്ക് പരിക്കേറ്റു. 25ലേറെ വാഹനങ്ങൾ കത്തിച്ചു. സർക്കാർ കെട്ടിടങ്ങളെ ആക്രമിച്ച് കൊള്ളയടിക്കുന്നതായും റിപ്പോർട്ടുണ്ട്. ഖൈബർ പഖ്‌തുൻഖ്വ, പഞ്ചാബ്, ബലൂചിസ്ഥാൻ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ ക്രമസമാധാന പാലനത്തിന് സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചു. സിന്ധിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാന് വിലക്കേർപ്പെടുത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പി.ടി.ഐ പറഞ്ഞു. തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് കാട്ടി ഇമ്രാൻ രാജ്യമൊട്ടാകെ പ്രചാരണം നടത്തിവരികയായിരുന്നു.

അഴിമതി കേസുകളിൽ ഇമ്രാൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും മറിച്ചാണെങ്കിൽ അനന്തരഫലം നേരിടേണ്ടി വരുമെന്നും ആസൂത്രണ മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞു. ഇമ്രാന്റെ പാർട്ടി അനുകൂലികളുടെ വസതികളിൽ റെയ്ഡ് തുടരുന്നുണ്ട്.

ഇമ്രാനെ കോടതിയിൽ വച്ച് റേഞ്ചേഴ്സ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് പി.ടി.ഐ ആരോപിച്ചെങ്കിലും നീക്കം നിയമപരമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി പ്രഖ്യാപിച്ചു. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. പരീക്ഷകൾ റദ്ദാക്കിയ സർക്കാർ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂളുകൾ അടച്ചിടാൻ ഉത്തരവിട്ടു.

പ്രധാന ഹൈവേകൾ പൊലീസ് ബ്ലോക്കാക്കി. അതേ സമയം,​ യു.കെ,​ യു.എസ്,​ കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇമ്രാൻ അനുകൂലികൾ പ്രകടനം നടത്തി.

 ആരോപണവുമായി ഇമ്രാൻ

തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ നിഷേധിച്ച ഇമ്രാൻ താൻ കസ്റ്റഡിയിൽ ഉപദ്രവിക്കപ്പെട്ടെന്നും ശുചിമുറി ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും ഇന്നലെ കോടതിയിൽ ആരോപിച്ചു. അറസ്റ്റിന് പിന്നാലെ 70കാരനായ ഇമ്രാൻ മർദ്ദിക്കപ്പെട്ടതായും നവംബറിൽ വധശ്രമത്തിനിടെ വെടികൊണ്ട് പരിക്കേറ്റ കാലിൽ അടിയേറ്റെന്നും പി.ടി.ഐ പ്രവർത്തകർ ആരോപിച്ചു.

Advertisement
Advertisement