ഹെലികോപ്റ്റർ യാത്രയിൽ കുരുങ്ങി ഋഷി സുനക്

Thursday 11 May 2023 5:27 AM IST

ലണ്ടൻ : ട്രെയിനിൽ ഒരു മണിക്കൂറിലേറെ മാത്രം ദൈർഘ്യമുള്ള ട്രെയിൻ യാത്രയ്ക്ക് പകരം ഹെലികോപ്റ്റർ യാത്ര തിരഞ്ഞെടുത്തതിന്റെ പേരിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിവാദത്തിൽ. ലണ്ടനിൽ നിന്ന് സതാംപ്ടണിലേക്കും തിരിച്ചുമുള്ള യാത്രയാണ് ഋഷിയെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്.

രാജ്യത്തെ പൊതുഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചുള്ള ആകാശയാത്രകളുടെ പേരിൽ ഋഷി ഇതിന് മുമ്പും വിമർശിക്കപ്പെട്ടിട്ടുണ്ട്. തന്റെ സർക്കാരിന്റെ ആരോഗ്യ നയങ്ങളുടെ പ്രചാരണത്തിനായി ഒരു ഫാർമസി സന്ദർശിക്കാനായാണ് ഋഷി സതാംപ്ടണിലെത്തിയത്. നികുതിദായകരുടെ പണമാണ് യാത്രയ്ക്ക് ചെലവാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

257 കിലോമീറ്റർ നീണ്ട ട്രെയിൻ യാത്രയ്ക്ക് 30 പൗണ്ട് ( 3,105 രൂപ ) മാത്രമേ ചെലവാകുമായിരുന്നുള്ളൂ. എന്നാൽ ഈ റൂട്ടിലേക്ക് ഹെലികോപ്റ്റർ യാത്ര തിരഞ്ഞെടുത്തതിനാൽ ചെലവ് 6,000 പൗണ്ട് ( 6.21 ലക്ഷം രൂപ ) ആയി ഉയർന്നെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 730 ദശലക്ഷം പൗണ്ട് ആസ്തിയുള്ള ഋഷി ജനങ്ങളുടെ പ്രശ്നങ്ങളിൽ ബന്ധമില്ലാത്ത ആളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. നിലവിൽ വിലക്കയറ്റം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഹെലികോപ്റ്റർ യാത്രയ്ക്ക് പിന്നാലെ ഋഷി വളരെയധികം സമ്മർദ്ദം അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ഒട്ടേറെ മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് ഋഷി ഹെലികോപ്റ്റർ യാത്ര തിരഞ്ഞെടുത്തതെന്ന് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളിൽ തന്റെ മണ്ഡലമായ നോർത്ത് യോക്ക്‌ഷെയറിലേക്ക് ഋഷി നിരവധി ഹെലികോപ്റ്റർ യാത്രകൾ നടത്തിയിരുന്നെങ്കിലും സ്വകാര്യ പണമാണ് അതിനായി ചെലവഴിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement