ഡൽഹിയിലെ അധികാരം ആർക്ക് ? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്

Thursday 11 May 2023 10:19 AM IST

ന്യൂഡൽഹി: ലഫ്റ്റനന്റ് ഗവണർ വി കെ സക്‌സേനയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ഡൽഹി സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജികളിൽ വിധി പ്രസ്താവിക്കുന്നത്. വിഷയം ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിലും സുപ്രീം കോടതി ഇന്ന് നിലപാട് വ്യക്തമാക്കും. ഭരണഘടനയുടെ 239 എ എ അനുഛേദപ്രകാരം ആർക്കാണ് ഡൽഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി വരാൻ പോകുന്നത്.

ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണമില്ലാത്ത സർക്കാർ രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്നാണ് ആം ആദ്‌മി പാർട്ടി സുപ്രീം കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ ഡൽഹി രാജ്യതലസ്ഥാനമായതിനാൽ ഇവിടത്തെ ഭരണത്തിൽ തങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

2014ൽ ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ അധികാരത്തിൽ വന്ന ശേഷം കേന്ദ്രവും ഡൽഹി സർക്കാരും തമ്മിൽ പലതവണ അധികാര തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

ഡൽഹിയിലെ ലെഫ്റ്റനന്റ് ഗവർണർ,​ സർക്കാരിന്റെ ഉപദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥാനാണെന്നാണ് 2018ൽ സുപ്രീം കോടതിയുടെ ഭരണാഘടനാ ബെഞ്ച് വിധി. കേന്ദ്രവും സർക്കാരും സഹകരിച്ച് പ്രവ‌ർത്തിക്കണമെന്നും അന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷവും ഉദ്യോഗസ്ഥ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം തുടർന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട ഹർജികളിൽ 2019 ഫെബ്രുവരി 14ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികളെഴുതിയിരുന്നു. ഇതേ തുടർന്ന് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണയ്ക്ക് വന്നു. പിന്നാലെ കേന്ദ്ര സർക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് വിഷയം അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

Advertisement
Advertisement