മഹാരാഷ്ട്രയിൽ ഗവർണറുടെ നടപടി തെറ്റ്, സർക്കാർ രാജിവച്ചില്ലെങ്കിൽ പുനഃസ്ഥാപിച്ചേനെയെന്ന് സുപ്രീംകോടതി

Thursday 11 May 2023 1:33 PM IST

ന്യൂഡൽഹി:മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സര്‍ക്കാരിനോട് വിശ്വാസ വോട്ട് തേടാന്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഗവര്‍ണറുടെ നടപടി ഭരണഘടനപരമായി തെറ്റായിരുന്നുവെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധിക്കുകയും ചെയ്തു. എന്നാല്‍ വിശ്വാസ വോട്ട് തേടാത്തതിനാല്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇത് നിലവിലെ സർക്കാരിന് ആശ്വാസമായി. മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളിൽ ആണ് കോടതി വിധി പറഞ്ഞത്.

വിശ്വാസ വോട്ടിന് നിര്‍ദേശം നല്‍കാനുള്ള രേഖകളൊന്നും ഗവര്‍ണറുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിരുന്നില്ല. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ഭരണഘടനാപരം അല്ലെന്നും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് വിശ്വാസ വോട്ടെടുപ്പിലൂടെയല്ല എന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി.

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഗോഗവാലെയെ വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്ന് പറഞ്ഞ കോടതി രാഷ്ട്രീയ പാര്‍ട്ടിയാണ് വിപ്പിനെ നിയമിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഷിന്‍ഡെ ഉള്‍പ്പടെ 16 എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.