ദിവസവും, രണ്ട് ചിത്രങ്ങളുടെ വീതം പൂജ
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 നേടുന്ന ചരിത്രവിജയം മലയാള സിനിമയ്ക്ക് പുത്തൻ ഉണർവ് പകരുന്നു. ദിവസം രണ്ട് ചിത്രങ്ങളുടെ വീതം പൂജ നടക്കുന്നുണ്ട്. സൂപ്പർതാര ചിത്രങ്ങൾക്കൊപ്പം ചെറിയ സിനിമകളുടെയും ചിത്രീകരണം ആരംഭിക്കുന്നു .
സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിക്കുന്ന ഗരുഡൻ ഇന്ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. നവാഗതനായ അരുൺവർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിരാമിയും ദിവ്യ പിള്ളയുമാണ് നായികമാർ. ജയ ജയ ജയ ജയ ഹേയ്ക്കുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് - ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ പൂജ ചടങ്ങോടെ തുടക്കം കുറിക്കും. നിഖില വിമലും മമിത ബൈജുവും നായികമാരായി എത്തുന്നുവെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി , ഡിനോ ഡെന്നിസ് ചിത്രം ബസൂക്ക ബുധനാഴ്ച കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ഡേറ്റ് ക്ളാഷിനെ തുടർന്ന് നിതപിള്ള പിൻമാറിയതിനാൽ ദിവ്യ പിള്ള ആണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇടവേളയ്ക്കുശേഷം സുനിൽ കാരന്തൂർ സംവിധാനം ചെയ്യുന്ന കേക്ക് സ്റ്റോറിയാണ് ബുധനാഴ്ച ചിത്രീകരണം ആരംഭിച്ച മറ്റൊരു ചിത്രം. അശോകൻ, മല്ലിക സുകുമാരൻ, മേജർ രവി, ജോണി ആന്റണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് സുനിലിന്റെ മകൾ വേദ സുനിൽ രചന നിർവഹിക്കുന്നു. പി.ആർ. ഒ എ.എസ് ദിനേശ്. നവാഗതനായ വിന്റേഷ് സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ പാർവതി നായർ ചിത്രം സൂപ്പർ സിന്ദഗിയുടെ പൂജ ഇന്നലെ കൊച്ചിയിൽ നടന്നു. മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രജിത് രാജ് ഖേർ സംവിധായകൻ വിന്റേഷ് എന്നിവർ ചേർന്നാണ് രചന. ഹസീബ് മേപ്പാട്. സത്താർ പടന്നേലകത്ത് എന്നിവർ ചേർന്ന് 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ ശബരി. മലയാളി താരങ്ങൾ അഭിനയിക്കുന്ന തമിഴ് ചിത്രം ഉറുമൽ ഇന്നലെ പൂജാ ചടങ്ങോടെ ചിത്രീകരണം ആരംഭിച്ചു. ക്രൗൺ രാജേഷ് ആണ് രചനയും സംവിധാനവും. ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്ന ആകാശ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നാളെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കും. കാളച്ചേകോൻ എന്ന ചിത്രത്തിനുശേഷം കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന അക്കുത്തിക്കുത്താനയുടെ പൂജ നാളെ രാവിലെ 11.30ന് കലൂർ അമ്മ ഹാളിൽ നടക്കും.