ഇമ്രാന്റെ അറസ്‌റ്റ് നിയമവിരുദ്ധം, എത്രയും വേഗം മോചിപ്പിക്കണമെന്ന് ഉത്തരവിട്ട് പാക് സുപ്രീം കോടതി

Thursday 11 May 2023 7:03 PM IST

ഇസ്ളാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ അറസ്‌റ്റ് നിയമവിരുദ്ധമാണെന്ന് പാകിസ്ഥാൻ സുപ്രീം കോടതി. ഇമ്രാനെ എത്രയും വേഗം മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതിയിൽ നിന്നും ആരെയും അറസ്‌റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ സുപ്രീം കോടതി നാഷണൽ അക്കൗണ്ടബിളിറ്റി ബ്യൂറോ ഇത്തരത്തിൽ ഇമ്രാനെ അറസ്‌റ്റ് ചെയ്‌തതിലൂടെ കോടതിയുടെ നേരെ അനാദരവ് കാട്ടിയതായും ഇമ്രാന്റെ അറസ്‌റ്റ് അസാധുവാകുന്നതായും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

അൽ ക്വാദിർ ട്രസ്‌റ്റ് ഭൂവിൽപന കേസിലും തോഷാഖാനാ കേസിലുമാണ് ഇസ്ളാമാബാദ് ഹൈക്കോടതിയിൽ വച്ച് ഇമ്രാൻ ഖാനെ എൻ.എ.ബി അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് ഇമ്രാനെ എട്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് ആസ്ഥാനത്ത് സജ്ജീകരിച്ച പ്രത്യേക കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മേയ് 17 വരെയായിരുന്നു ഇമ്രാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻ.എ.ബി) കസ്റ്റഡിയിൽ തുടരേണ്ടിയിരുന്നത്.

അതേ സമയം, ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ തിരികൊളുത്തിയ കലാപം രാജ്യവ്യാപകമായി ആളിക്കത്തുകയാണ്.പി.ടി.ഐ വൈസ് ചെയർമാൻ ഷാ മെഹ്മൂദ് ഖുറേഷി, സെക്രട്ടറി ജനറൽ അസാദ് ഉമർ അടക്കം ഇതുവരെ 1,200ലേറെപേർ അറസ്റ്റിലായി. ആറ്‌പേർ കൊല്ലപ്പെട്ടു. 200ഓളം പൊലീസുകാർക്ക് പരിക്കേറ്റു. 25ലേറെ വാഹനങ്ങൾ കത്തിച്ചു. സർക്കാർ കെട്ടിടങ്ങളെ ആക്രമിച്ച് കൊള്ളയടിക്കുന്നതായും റിപ്പോർട്ടുണ്ട്.

ഖൈബർ പഖ്തുൻഖ്വ, പഞ്ചാബ്, ബലൂചിസ്ഥാൻ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ ക്രമസമാധാന പാലനത്തിന് സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചു. സിന്ധിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാന് വിലക്കേർപ്പെടുത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പി.ടി.ഐ പറഞ്ഞു.