ഭാര്യാമാതാവിനെ കാറിടിച്ച് പരിക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ
Friday 12 May 2023 12:03 AM IST
ഇടവ: ഭാര്യാമാതാവിനെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. താഴെവെട്ടൂർ നൈസാം ലാൻഡിൽ നൈസാം (35) ആണ് അറസ്റ്റിലായത്. ഓടയം അഞ്ചുമുക്ക് സ്നേഹ ഹൗസിൽ റഹീന (54) മരുമകൻ നൈസാമിനെതിരെ അയിരൂർ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. നൈസാമും ഭാര്യയുമായി പിണക്കത്തിലായതിനാൽ മാതാവായ റഹീനയ്ക്കൊപ്പമാണ് ഇയാളുടെ ഭാര്യയും മകളും താമസിക്കുന്നത്. മേയ് ഒമ്പതിന് രാവിലെ റഹീനയുടെ വീട്ടിലെത്തിയ നൈസാം തന്റെ മകളെ കാണണമെന്ന് ആവശ്യപ്പെടുകയും മകൾ അടുത്തേക്ക് ചെല്ലാത്തതിനാൽ പ്രകോപിതനായി അസഭ്യം വിളിച്ചതായുമാണ് പരാതിയിൽ പറയുന്നത്. റഹീന വീടിന്റെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ നൈസാം കാർ ഗേറ്റിൽ ഇടിക്കുകയും റഹീന നിലത്ത് വീഴുകയുമായിരുന്നു. വീഴ്ചയിൽ റഹീനയുടെ വലതു കൈക്ക് പരിക്കേറ്റിരുന്നു.