'അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകില്ല, എൻഡിഎയ്‌ക്കൊപ്പവുമില്ല'; പ്രധാനമന്ത്രിയെ കണ്ട് നവീൻ പട്‌നായിക്
ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള ശ്രമങ്ങൾക്ക് ഒപ്പമില്ലെന്ന് വ്യക്തമാക്കി ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്. 'തിരഞ്ഞെടുപ്പിൽ തങ്ങൾ ഒറ്റയ്‌ക്ക് മത്സരിക്കും എല്ലായ്‌പ്പോഴും തങ്ങളുടെ നയം അതുതന്നെയാണ്.' പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നവീൻ പട്‌നായിക് പ്രതികരിച്ചു.
പ്രതിപക്ഷത്തോടൊപ്പമുള്ള മൂന്നാം മുന്നണിയിൽ ചേരുമോ എന്ന ചോദ്യത്തിന് 'ഇല്ല, എന്നെ സംബന്ധിച്ച് അതിന്റെ ആവശ്യകത ഇപ്പോഴില്ല.' എന്നായിരുന്നു ഒഡീഷ മുഖ്യമന്ത്രിയുടെ പ്രതികരണം. ഒറ്റയ്‌ക്ക് നിൽക്കുക എന്നത് എപ്പോഴും തങ്ങളുടെ തത്വമാണ്. തങ്ങളുടെ സമദൂര സിദ്ധാന്തം തുടരുമെന്ന് സൂചിപ്പിച്ച് നവീൻ പട്‌നായിക് പറഞ്ഞു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ചർച്ചയ്തക്ക് ശേഷവും ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത് ഒഡീഷയുടെ ആവശ്യങ്ങൾക്കാണെന്ന് വ്യക്തമാക്കിയ നവീൻ പട്‌നായിക് പുരിയിൽ സ്ഥാപിക്കാനൊരുങ്ങുന്ന ജഗന്നാഥ് വിമാനത്താവളത്തെക്കുറിച്ച് പറഞ്ഞു ഒപ്പം ഭുവനേശ്വർ വിമാനത്താവളത്തിലെ തിരക്കിനനുസരിച്ച് വിമാനത്താവളം വിപുലമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2008ൽ എൻഡിഎ സഖ്യം വിട്ടശേഷം നവീൻ പട്‌നായിക് ബിജെഡിയുടെ നയമായി സമദൂര സിദ്ധാന്തം പിന്തുടർന്ന് വരികയാണ്.