വന്ദനയുടെ കൊലപാതകം: എഫ്.ഐ.ആർ മൊഴികൾക്ക് വിരുദ്ധം: വി.ഡി. സതീശൻ

Saturday 13 May 2023 12:33 AM IST

കൊല്ലം: ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ എ.ഡി.ജി.പിയും പൊലീസും പറയുന്നതിന് വിരുദ്ധമായാണ് എഫ്.ഐ.ആറിലുള്ളതെതെന്നും അതിൽ നിന്ന് വ്യത്യസ്തമാണ് ദൃക്‌സാക്ഷികൾ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തുടക്കം മുതലേ പൊലീസും സർക്കാരും വീണിടത്ത് കിടന്ന് ഉരുളുകയാണ്. പൊലീസിന് കുറ്റകരമായ അനാസ്ഥയുണ്ടായെന്ന ഹൈക്കോടതി നിരീക്ഷണം കൃത്യമാണ്. ജീവനക്കാർക്ക് ഒരു സംരക്ഷണവും നൽകാൻ പൊലീസിന് സാധിച്ചില്ല. വാതിൽ അടച്ച് രക്ഷപ്പെടാൻ ശ്രമിച്ചവർക്കൊപ്പം പൊലീസുമുണ്ടായിരുന്നു. പൊലീസിന് നണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ വരുത്തിവച്ചിട്ട് ഉന്നത ഉദ്യോഗസ്ഥരും സർക്കാരും ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. എന്തുണ്ടായാലും മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയാണ്. ക്രൂരമായ കൊലപാതകം നടന്നിട്ടും അതിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മാദ്ധ്യമങ്ങളും ദൃക്‌സാക്ഷികളുമുള്ളതു കൊണ്ട് മാത്രമാണ് ജനം സത്യമറിഞ്ഞത്. അല്ലെങ്കിൽ ഡോക്ടർ പ്രതിയെ ആക്രമിച്ചെന്നു വരെ പറഞ്ഞു പരത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു.