രജിസ്ട്രേഷനൊപ്പം പോക്കുവരവും
വസ്തു രജിസ്ട്രേഷൻ നടക്കുന്ന ദിവസം തന്നെ വില്ലേജ് ഓഫീസിൽ നിന്ന് പോക്കുവരവു ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തുമെന്നു കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാടുകാലമായി. ജനങ്ങളുടെ ഭാഗ്യമെന്നു പറയട്ടെ അത്തരത്തിലൊരു സംവിധാനത്തിന്റെ ആദ്യ പരീക്ഷണം കഴിഞ്ഞ ദിവസം എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഓഫീസുകളിൽ നടന്നു. ചില്ലറ സാങ്കേതിക പ്രശ്നങ്ങളുണ്ടായതൊഴികെ പരീക്ഷണം വിജയകരമായിരുന്നു . അതിസങ്കീർണമായ റോക്കറ്റ് വിദ്യവരെ സ്വായത്തമാക്കിയ രാജ്യത്ത് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്ന പ്രമാണത്തെ ആധാരമാക്കി അതിലുൾപ്പെട്ട കക്ഷികളുടെ പേരിൽ പോക്കുവരവ് നടപടിക്രമം കൂടി പൂർത്തിയാക്കാൻ ഇന്നത്തെ കാലത്ത് യാതൊരു പ്രയാസവുമില്ല. ഇ - ഗവേണൻസ് അത്രയേറെ വികാസം പ്രാപിച്ച കാലത്താണ് നാമൊക്കെ ഇന്ന് ജീവിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സംവിധാനങ്ങൾ തന്നെ രജിസ്ട്രേഷൻ ഓഫീസുകളിലും റവന്യൂ ഓഫീസുകളിലും തുടരണമെന്നു ശഠിക്കുന്നത് തത്പരകക്ഷികളുടെ പിടിവാശി കൊണ്ടാണ്.
രജിസ്ട്രേഷൻ കഴിഞ്ഞ് പോക്കുവരവ് എന്ന മഹാ കടമ്പയും കടന്ന് വസ്തു സ്വന്തം പേരിൽ വില്ലേജ് ഓഫീസിലെ പുസ്തകത്തിൽ എഴുതിച്ചേർത്താലേ നികുതി അടയ്ക്കാനാവൂ. അങ്ങനെ നികുതി അടയ്ക്കുന്നതോടെയാകും ഭൂമിയിൽ അവകാശം സിദ്ധിക്കുകയുള്ളൂ. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഏറ്റവുമധികം ആൾക്കാർ കാത്തിരുന്നു കഷ്ടപ്പെടുന്നത് പോക്കുവരവ് ശരിയാക്കിക്കിട്ടാനാണ്. രജിസ്ട്രേഷൻ ഓഫീസിൽനിന്ന് പ്രമാണത്തിന്റെ കോപ്പി ഒന്നുരണ്ടു ദിവസത്തിനകം വില്ലേജ് ഓഫീസിലെത്തും. അതിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി പോക്കുവരവ് നടത്താവുന്നതേയുള്ളൂ. അതുപോലെ ഭാഗപത്ര പ്രകാരം അവകാശം സിദ്ധിക്കുന്ന വസ്തുവിന്റെ പോക്കുവരവിനായി ഏറെ ദിവസം കാത്തിരിക്കേണ്ടിവരാറുണ്ട്. സ്വാധീനമോ കൈക്കൂലിയോ ആണ് കാര്യങ്ങൾ എളുപ്പത്തിൽ നടക്കാൻ സഹായിക്കുന്നതെന്നത് രഹസ്യമൊന്നുമല്ല. കാലഹരണപ്പെട്ട പലതും സർക്കാർ നടപടികളിൽ ഇപ്പോഴും കാണാം. ആധാരങ്ങൾ ഋജുവും വ്യക്തതയുമുള്ളതായാൽ പിന്നീടുണ്ടായേക്കാവുന്ന നിയമ നടപടികൾ ഒഴിവാക്കാനാവും. ദുർഗ്രാഹ്യമായ ഭാഷാപ്രയോഗങ്ങൾ പഴയ ആധാരങ്ങളുടെ സവിശേഷതയായിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഭാഷയും വലിയ തോതിൽ മാറിയിട്ടുണ്ട്. ലളിതഭാഷയിൽ ആധാരമെഴുതിയാലും നിയമപരമായ നിലനില്‌പ് ഇല്ലാതാകാൻ പോകുന്നില്ല. വസ്തു ഉടമയ്ക്ക് സ്വയം പ്രമാണം എഴുതാനുള്ള അവകാശം നല്‌കിക്കൊണ്ട് മുൻപ് സർക്കാർ തീരുമാനമെടുത്തിരുന്നു. മാതൃകാ ആധാരം സർക്കാർ വെബ്‌സൈറ്റിൽ ഇന്നും കാണാവുന്നതാണ്. എന്നാൽ അധികമാരും അതു പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നുകണ്ടില്ല. അതിന്റെ സാധുതയിൽ സന്ദേഹമുള്ളതുകൊണ്ടാവാം ഈ വിപ്രതിപത്തി.
ആധാരം സ്വയം തയ്യാറാക്കുന്ന പരീക്ഷണത്തിന് ആധാരമെഴുത്തുകാരും എതിരാണ്. തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക കൊണ്ടാണിത്. എന്നാൽ ഇന്നല്ലെങ്കിൽ നാളെ ഈ പരിഷ്കാരവും പ്രാബല്യത്തിലാവും. കമ്പ്യൂട്ടറും ഡി.ടി.പിയും വന്നപ്പോൾ ടൈപ്പ് റൈറ്റിംഗ് യന്ത്രങ്ങളുമായിരുന്നവർ പ്രതിഷേധിച്ചു. തങ്ങളുടെ വയറ്റുപ്പിഴപ്പ് മുടക്കി എന്നായിരുന്നു അവരുടെയും പരാതി. പക്ഷേ ടൈപ്പ് റൈറ്ററുകളെ പൂർണമായും തള്ളിമാറ്റി കമ്പ്യൂട്ടറുകൾ രംഗം കീഴടക്കി. ബുദ്ധിയുള്ളവർ ടൈപ്പ് റൈറ്ററുകൾ ഉപേക്ഷിച്ച് കമ്പ്യൂട്ടറുകൾ വാങ്ങിവച്ച് സ്ഥാപനങ്ങൾ തുടങ്ങി. സർക്കാരിന്റെ ഭരണനടപടികളിൽ നിന്ന് ജനങ്ങൾക്കു ലഭിക്കേണ്ടത് അതിവേഗത്തിലുള്ള തീർപ്പുകളാണ്. വസ്തു രജിസ്ട്രേഷൻ കഴിഞ്ഞാൽ ഉടനടി പോക്കുവരവും ശരിയാക്കി നല്‌കേണ്ടത് വില്ലേജ് ഓഫീസുകളുടെ ഉത്തരവാദിത്വമാണ്. അതിനായി ജനങ്ങളെ വില്ലേജ് ഓഫീസിലെ നിത്യസന്ദർശകരാക്കരുത്.