കർണാടക പിടിക്കുമെന്ന് താൻ ഉറപ്പ് നൽകിയിരുന്നു, ജയിലിൽ വന്ന് കണ്ട സോണിയാ ഗാന്ധിയെ മറക്കില്ല; മാദ്ധ്യമങ്ങളുടെ  മുന്നിൽ  പൊട്ടിക്കരഞ്ഞ്  ഡി  കെ  ശിവകുമാർ

Saturday 13 May 2023 2:46 PM IST

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ. കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സന്തോഷം പങ്കുവയ്ക്കുന്ന സമയത്ത് അദ്ദേഹം വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഈ വിജയം മുഴുവൻ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

"ഞാൻ കർണാടകയെ ബി ജെ പി മുക്തമാക്കുമെന്ന് സോണിയാ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും ഉറപ്പ് നൽകിയിരുന്നു. ജയിലിൽ സോണിയ ഗാന്ധി എന്നെ കാണാൻ വന്നത് എനിക്ക് മറക്കാനാവില്ല," - ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ നേതാക്കൾക്കും നന്ദി പറയുന്നു, ഇത് തന്റെ മാത്രം വിജയമല്ലെന്നും മറ്റ് നടപടികൾ പാർട്ടി ഓഫീസിൽ വച്ച് തീരുമാനിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന് കേൾക്കുന്നത് ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യരുടെയും പേരുകളാണ്. തിരഞ്ഞെടുപ്പ് വിജയത്തിൽ സിദ്ധരാമയ്യയും പ്രതികരണം അറിയിച്ചു. 'കോൺഗ്രസിന്റെ വലിയ വിജയമാണിത്. കർണാടകയിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചു'. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ജനവിധിയാണെന്നുമാണ്' സിദ്ധരാമയ്യ പറഞ്ഞത്.

അതേസമയം, തിരഞ്ഞെടുപ്പിലെ പരാജയം ബി ജെ പി വിശദമായി വിശകലനം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ അറിയിച്ചു. 'ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നേട്ടം കെെവരിക്കാൻ കഴിഞ്ഞില്ല. വിശദമായ ഒരു വിശകലനം ഇതിനെക്കുറിച്ച് നടത്തും. കൂടാതെ വിവിധ തലങ്ങളിലുള്ള വിടവുകളും പോരായ്മകളും നികത്തി പാർട്ടിയെ പുഃനസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബസവരാജ് ബൊമ്മെെ കൂട്ടിച്ചേ‌ർത്തു.