കേരളം കണ്ട ക്രൂരന്മാരായ കൊലപാതകികൾക്ക് തക്ക ശിക്ഷവാങ്ങിക്കൊടുത്ത അഭിഭാഷകൻ വന്ദനയ്‌ക്ക് വേണ്ടി എത്തിയേക്കും, ആക്ഷൻ പ്ളാൻ തയ്യാറാക്കി

Saturday 13 May 2023 3:52 PM IST

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഹൗസ് സർജനായ ഡോ. വന്ദനാദാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സന്ദീപിനെ പൂട്ടാൻ കേസ് അന്വേഷിക്കുന്ന കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി. എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ പങ്കെടുത്ത് പ്രത്യേക യോഗം ചേർന്നാണ് പ്ലാൻ തയ്യാറാക്കിയത്.

ശാസ്ത്രീയ തെളിവുകൾ, സാക്ഷിമൊഴികൾ, വിവിധ രേഖകൾ തുടങ്ങിയവ ഘട്ടംഘട്ടമായി ശേഖരിക്കുന്നത് സംബന്ധിച്ചാണ് ആക്ഷൻ പ്ലാൻ. ഇത് തയ്യാറാക്കാൻ ചേർന്ന യോഗത്തിന് മുമ്പ് എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാർ സംഭവം നടന്ന താലൂക്ക് ആശുപത്രിയിലെ വിവിധ മുറികൾ സന്ദർശിച്ചു. താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ കാമറകളുടെ ഹാഡ് ഡിസ്കുകളിൽ നിന്നുള്ള ദൃശ്യങ്ങളും ശേഖരിച്ച് തുടങ്ങി. ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തും. തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ തിങ്കളാഴ്ച അപേക്ഷ നൽകും.

ഡോ. വന്ദനയെ സന്ദീപ് കുത്തുന്നത് നേരിൽ കണ്ട സഹപാഠിയായ ഡോ. ഷിബിൻ മുഹമ്മദിന്റെ എഫ്.ഐ.ആറിലെ മൊഴിയിലുണ്ടായ വൈരുദ്ധ്യം തുടരന്വേഷണത്തിൽ വിശദമായ മൊഴിയെടുത്ത് പരിഹരിക്കും. 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിച്ച് പ്രതി ജാമ്യം ലഭിച്ച് പുറത്തിറങ്ങാതെ തന്നെ വിചാരണ നടത്താനാണ് ആലോചന. ഡി.ഐ.ജി ആർ.നിശാന്തിനി പ്രതിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ സന്ദർശിച്ചു.

പരമാവധി ശാസ്ത്രീയ തെളിവുകൾ കൃത്യതയോടെ ശേഖരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം. പ്ലാൻ പ്രകാരമുള്ള തെളിവുകളും സാക്ഷി മൊഴികളും മറ്റ് രേഖകളും ലഭിച്ചാൽ 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമർപ്പിക്കും. എം.എം. ജോസ്, കൊല്ലം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി

സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ്

കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാകുന്നത് സംബന്ധിച്ച് പ്രമുഖ അഭിഭാഷകനായ ജി. മോഹൻരാജിനോട് പൊലീസ് താല്പര്യം ആരാഞ്ഞു. സന്നദ്ധനായാൽ അദ്ദേഹത്തിന്റെ കൂടി സഹകരണത്തോടെയാകും അന്വേഷണം. പൊലീസുകാരൻ മണിയൻപിള്ളയെ കവർച്ച കഴിഞ്ഞ് രക്ഷപെടുന്നതിനിടയിൽ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ കേസ്, ഉത്ര വധം, വിസ്മയക്കേസ് തുടങ്ങിയ കോലിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു ഇദ്ദേഹം.

Advertisement
Advertisement