ഡൽഹി മെട്രോയിലെ യുവതിയുടെയും യുവാവിന്റെയും വീഡിയോ വൈറൽ; നടപടിയെടുക്കണമെന്ന് ആവശ്യം

Saturday 13 May 2023 4:43 PM IST

ന്യൂഡൽഹി: അടുത്തിടെയായി ചില അനുചിത സംഭവങ്ങളും കാരണം ഡൽഹി മെട്രോ വാർത്തകളിൽ പതിവായി ഇടം നേടുകയാണ്. ഇപ്പോഴിതാ ഡൽഹി മെട്രോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മെട്രോ യാത്രക്കാരായ ദമ്പതികളുടെ വീഡിയോയാണ് ചർച്ചയാകുന്നത്.

ഇന്നലെ അഭിനവ് താക്കൂർ എന്നയാൾ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. ഒരു യുവാവും യുവതിയും ചേർന്നിരിക്കുന്നത് വീഡിയോയിൽ കാണാം. യുവതി തല യുവാവിന്റെ തോളിൽ വച്ചു കിടക്കുകയാണ്. 'എനിക്ക് അരോചകമായി തോന്നുന്നൂ, സഹായിക്കൂ' എന്ന കുറിപ്പോടെയാണ് ഇയാൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡൽഹി മെട്രോ ഡി സി പി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ എന്നിവരെയും ഇയാൾ വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്.

വീഡിയോയ്ക്ക് ഇതുവരെ ഏഴ് ലക്ഷത്തിൽപ്പരം വ്യൂസാണ് ലഭിച്ചത്. അതേസമയം, വീഡിയോ പങ്കുവച്ചതിനുപിന്നാലെ വലിയ വിമർശനമാണ് അഭിനവ് താക്കൂർ നേരിടുന്നത്. ദമ്പതികളുടെ അനുമതിയില്ലാതെ അവരുടെ വീഡിയോ പകർത്തിയതിന് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.