150 കോടി ലക്ഷ്യമാക്കി 2018

Sunday 14 May 2023 2:54 AM IST

ചരിത്ര വിജയത്തിലേക്ക് ജൂഡ് ആന്തണി ജോസഫിന്റെ 2018. റിലീസ് ചെയ്ത ഏഴു ദിവസം കൊണ്ട് അൻപതു കോടി വാരിക്കൂട്ടിയ ചിത്രം 150 കോടി ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. വൈകാതെ 150 കോടി നേടുമെന്ന് തിയേറ്റർ ഉടമകൾ തന്നെ ഉറപ്പിക്കുന്നു. അടുത്ത ആഴ്ചയും സംസ്ഥാനത്തെ തിയേറ്ററുകളിൽ ഹൗസ്‌ഫുൾ പ്രദർശനം തന്നെയാണ്. ബോക്സാഫീസുകളെ പ്രകമ്പനം കൊള്ളിച്ച് 2018 കുത്തിക്കുന്നത് മലയാള സിനിമയ്ക്ക് നൽകുന്ന ഊർജ്ജം വലുതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 2.30 കോടി നേടിയ ചിത്രം വിദേശത്തുനിന്ന് സ്വന്തമാക്കിയത് 28.15 കോടിയാണ് . ഇതുവരെയുള്ള ആഗോള കളക്‌ഷൻ 55.6 കോടിയാണ്. അൻപതു കോടി കളക്ഷൻ പങ്കിട്ട സന്തോഷം ആസിഫ് അലി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇന്നലെ മുതൽ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. ജൂഡിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 2018. കടുത്ത പ്രതിസന്ധി നേരിട്ട തിയേറ്റർ മേഖലയെയും 2018 രക്ഷിച്ചിരിക്കുകയാണ്. 150 കോടി കൈവരിച്ചാൽ ആ റെക്കാഡിൽ എത്തുന്ന ആദ്യ മലയാളചിത്രമായിരിക്കും 2018.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നരേൻ, ഇന്ദ്രൻസ്, ലാൽ.സുധീഷ്, അജു വർഗീസ്, ഡോ. റോണി, അപർണ ബാലമുരളി, ശിവദ, വിനിത കോശി, തൻവിറാം, ഗൗതമി നായർ ഉൾപ്പെടെ നീണ്ട താരനിര അണിനിരക്കുന്നു, കാവ്യ ഫിലിംസ് , പി.കെ. പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ പദ്മകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.

Advertisement
Advertisement