വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി അക്രമാസക്തനായി, ആരോഗ്യപ്രവർത്തകർ ഓടി രക്ഷപ്പെട്ടു; ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ ജീവിതം തീർക്കുമെന്ന് വനിതാ ഡോക്‌ടർക്ക് ഭീഷണി

Sunday 14 May 2023 1:02 PM IST

കൊല്ലം: മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയ യുവാവിനെ പൊലീസ് പിടികൂടി വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ വനിതാ ഡോക്ടർക്ക് നേരെ കൈയേറ്റശ്രമം.പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചതോടെ ഇയാളെ പൊലീസ് തിരികെക്കൊണ്ടു പോയി ജാമ്യത്തിൽ വിട്ടു. അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത തിരുമുല്ലവാരം സ്വദേശി വിഷ്ണുവാണ് (31) ഡോക്ടർമാരെ ആക്രമിക്കാൻ ശ്രമിച്ചത്.

മദ്യലഹരിയിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച വിഷ്ണുവിനെ ‌ഞാറക്കലെ ഭാര്യ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധന നടത്താൻ എത്തിച്ചതായിരുന്നു. വീട്ടുകാരുടെ പരാതിയിലായിരുന്നു പൊലീസ് ഇടപെടൽ. കൈവിലങ്ങ് വച്ച് മൂന്നു പൊലീസുകാർ ചേർന്ന് കാഷ്വാലിറ്റിയിൽ ഡ്യൂട്ടിലുണ്ടായിരുന്ന ഡോ. ജാസ്മിനെ കാണിച്ചു.

അക്രമാസക്തനാണെന്ന വിവരം പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെ വിഷ്ണു കാലുയർത്തി മേശയിൽ ചവിട്ടി. ആശുപത്രിയിൽ ബഹളം കൂട്ടിയതോടെ ഡോക്ടർമാരും ഹൗസ് സർജൻമാരും ഓടിമാറി. പൊലീസ് ഇയാളെ ബലം പ്രയോഗിച്ച് പിടിച്ചുനിറുത്തി. തുടർന്ന് ഡോക്ടർമാർ പൊലീസിൽ പരാതി നൽകി. ഡോക്ടർമാർ വീഡിയോ എടുക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. ഒ.പി ടിക്കറ്റ് എഴുതി വാങ്ങിയാണ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയത്.

സംഭവത്തെക്കുറിച്ച് ഐ എം എ പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. 'വൈദ്യ പരിശോധനയ്ക്കെത്തിയ പ്രതി. ആശുപത്രിയിൽ കടന്നുവന്നയുടനെ മേശ മറിച്ചിട്ട് അതിക്രമം.വനിതാ ഡോക്ടറോട് ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ജീവിതം തീർക്കുമെന്ന് ഭീഷണി.പുറത്തിറങ്ങുമ്പോൾ കാട്ടിത്തരാം എന്ന ഭീഷണിയും തുടർക്കഥയാകുന്നു'- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.