വാട്‌സാപ്പിൽ ഇനി അയച്ച മെസേജ് എഡിറ്റ് ചെയ്യാം,​ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം മാത്രം

Monday 15 May 2023 1:21 PM IST

ഒരിക്കൽ അയച്ച കമന്റ് ഫേസ്‌ബുക്കിലും ഇൻസ്‌റ്റഗ്രാമിലുമെല്ലാമുള്ളതുപോലെ വീണ്ടും എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മിക്ക വാട്‌സാപ്പ് ഉപഭോക്താക്കൾക്കും തോന്നിയിട്ടുള്ള കാര്യമാണ്. പലപ്പോഴും കമ്പനിയോട് ഇക്കാര്യങ്ങൾ ജനങ്ങൾ ആവശ്യപ്പെട്ടതുമാണ്. എന്നാൽ നാളിതുവരെ അതിന് കഴിഞ്ഞിരുന്നില്ല. ഇനി ആ പ്രശ്‌നമുണ്ടാകില്ല. ഒരിക്കലയച്ച മെസേജ് വീണ്ടും എഡിറ്റ് ചെയ്യാനുള്ള അപ്ഡേറ്റുമായി രംഗത്ത്‌വന്നിരിക്കുകയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്പായ വാട്‌സാപ്പ്.

ഒരിക്കൽ അയച്ച മെസേജിൽ തിരുത്താനോ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ ഇനിമുതൽ വാട്സാപ്പിലൂടെ സാധിക്കും. എന്നാൽ ഏറെ നേരം ഇതിന് സാധിക്കില്ല. 15 മിനുട്ട് നേരത്തേക്കാണ് ഇത് സാദ്ധ്യമാകുക. വാബീറ്റ ഇൻഫോ വെബ്‌സൈറ്റ് പ്രകാരം ആൻഡ്രോയ്‌ഡ് 2.23.10.13 പതിപ്പിലാണ് ഈ ഫീച്ചറുണ്ടാകുക. ഒരു ഗ്രൂപ്പിലേക്കോ വ്യക്തികൾക്ക് അയക്കുമ്പോഴോ മെസേജ് എഡിറ്റ് ചെയ്യാം. മെസേജ് ഓപ്‌ഷനുകൾക്കൊപ്പം എഡിറ്റ് ബട്ടണുമുണ്ട്. 15 മിനുട്ടിനിടയിൽ എത്രതവണ വേണമെങ്കിലും തിരുത്തൽ വരുത്താം. പക്ഷെ തൽക്കാലം ഒരു ഫോണിൽ നിന്ന് മാത്രമാകും ഈ സൗകര്യമുണ്ടാകുക. മാത്രമല്ല പിന്നീട് ആ സന്ദേശം എഡിറ്റഡ് എന്ന് കാണിക്കും.

വാട്‌സാപ്പിന്റെ പുത്തൻ പതിപ്പിൽ മാത്രമാണ് ഈ സൗകര്യമുണ്ടാകുക. എന്നാൽ നിലവിൽ മറ്റൊരു മെസേജിംഗ് ആപ്പായ ടെലഗ്രാമിൽ ഇത് 48 മണിക്കൂറാണ് എന്നതും ശ്രദ്ധേയമാണ്.