വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

Monday 15 May 2023 7:43 PM IST

അമൃത്സർ: വിമാനത്തിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ രവീന്ദർ സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്ന് അമൃത്സറിലേയ്ക്കുള്ള വിമാനത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. വിമാനം അമൃത്സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മദ്യലഹരിയിലാണ് പ്രതി വിമാനത്തിൽ അതിക്രമം കാണിച്ചതെന്നാണ് റിപ്പോർട്ട്. ദുബായിൽ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ രവീന്ദർ സിംഗ് മദ്യപിച്ചു. പിന്നാലെ എയർഹോസ്റ്റസായ യുവതിയുമായി തർക്കമുണ്ടായി. മറ്റ് യാത്രക്കാരെയും ശല്യപ്പെടുത്തി. ഇതിനിടെ എയർഹോസ്റ്റസിനോട് തട്ടിക്കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തു.

തുടർന്ന് ക്രൂവിലെ അംഗങ്ങൾ വിഷയം അമൃത്സ‌ർ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് എയർലെെന്റെ സഹസുരക്ഷ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അമൃത്സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.