ഗുജറാത്തിനെ വളർത്തിയ ഇച്ഛാശക്തി

Tuesday 16 May 2023 12:00 AM IST

ദില്ലി ആസ്ഥാനമായ പബ്ലിക് പോളിസി റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സദ്ഭരണ യാത്രയുടെ ഭാഗമായാണ് ഗുജറാത്തിലെത്തിയത്. ജീവിത സൂചിക അടിസ്ഥാനത്തിൽ രാജ്യത്ത് ജീവിക്കാൻ ഏറ്റവും മികച്ച മൂന്നാമത്തെ നഗരം, ഭാരതത്തിലെ ആദ്യ സ്മാർട്ട് സിറ്റികളിൽ ഒന്ന്, ഇന്ത്യയിലെ ആദ്യ ആഗോള പൈതൃക നഗരം, രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരം ഈ പദവികളൊക്കെ അഹമ്മദാബാദിന് സ്വന്തം. 90 ലക്ഷത്തിനടുത്താണ് അഹമ്മദാബാദ് നഗരസഭയുടെ ജനസംഖ്യ. എന്നാൽ ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം, കുടിവെള്ളവൈദ്യുതി വിതരണം, ക്രമസമാധാന പാലനം, പൊതുഗതാഗതം എന്നിവയൊക്കെ ആഗോളനിലവാരത്തിലാണ്.

45 വർഷത്തെ മാലിന്യകൂമ്പാരം നീക്കം ചെയ്യുന്ന പിരാന മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് കേരളത്തിന് സ്വീകരിക്കാവുന്ന മാതൃകയാണ്. സ്വകാര്യ കമ്പനി 2000 കോടി രൂപ ചെലവ് പറഞ്ഞ പദ്ധതി വെറും 150 കോടിക്കാണ് നഗരസഭതന്നെ ഏറ്റെടുത്ത് ചെയ്യുന്നത് ! എല്ലാ ആഴ്ചയും ചീഫ് സെക്രട്ടറിയുടെ അവലോകനം പദ്ധതിയുടെ നടത്തിപ്പ് എളുപ്പമാക്കുന്നു.

ഗുജറാത്തിന്റെ ജീവനാഡിയായ സബർമതി നദി ഇന്ന് ശുദ്ധവും സുന്ദരവുമാണ്. നഗരഹൃദയത്തിലെ സബർമതിയുടെ 11.5 കിലോമീറ്റർ നീളം മനംകവരുന്നതാണ്. ഇരുകരകളിലേയും അലക്കുകാരെ മാന്യമായി പുനരധിവസിപ്പിച്ച ശേഷം നദിക്കരയെ ആഗോളനിലവാരത്തിൽ സർക്കാർ പുനർനിർമ്മിച്ചു. ഓപ്പൺ എയർ തിയേറ്ററുകൾ, സ്‌പോർട്സ് കോംപ്ലക്സുകൾ, സൈക്ലിംഗ് ട്രാക്കുകൾ, പൂന്തോട്ടം, ശലഭപാർക്ക്, പട്ടം പറത്താനുള്ള പാർക്ക്, പൊതു വ്യായാമകേന്ദ്രങ്ങൾ, കാൽനട യാത്രക്കാർക്കുള്ള പ്രത്യേക പാതകൾ തുടങ്ങിയ സൗകര്യങ്ങളോടെ സബർമതിതീരം ലോക ശ്രദ്ധയാകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി. 100 കോടി മുടക്കി 1000 കാറുകൾ പാർക്ക് ചെയ്യാൻ നിർമ്മിച്ച കേന്ദ്രവും അടൽ പാലം സബർമതിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും മലിനമായ രണ്ടാമത്തെ നദിയെന്ന ചീത്തപ്പേരിൽ നിന്നാണ് സബർമതി ഇത്രയും സുന്ദരിയായത് .

സംസ്ഥാന ഭരണാധികാരികളുടെ ദീർഘ വീക്ഷണത്തിന്റെ മകുടോദാഹരണമാണ് നഗരപ്രാന്തത്തിൽ 2007 ൽ നിർമ്മിച്ച ഗിഫ്റ്റ് സിറ്റി. ആഗോള സാമ്പത്തിക ഭീമൻമാർക്കും ടെക്‌നോളജി കമ്പനികൾക്കുമായുള്ള പ്രത്യേക സാമ്പത്തിക മേഖലയാണിത്. 300 കോടി രൂപയാണ് 3300 ഏക്കറിലുള്ള നഗരത്തിൽ നടക്കുന്ന ക്രയവിക്രയം. ഇതിന് പുറമേയാണ് പ്രാദേശിക സാമ്പത്തിക ഉണർവും അനുബന്ധ തൊഴിലവസരങ്ങളും. നൂറുശതമാനം സർക്കാർ ഉടമസ്ഥതയിലാണ് ഗിഫ്റ്റ് സിറ്റിയുടെ പ്രവർത്തനം. സർക്കാരിന്റെ പുറംപോക്ക് ഭൂമിയിൽ നിർമ്മിച്ച നഗരം ഇപ്പോഴും പൂർണതോതിൽ പ്രവർത്തന സജ്ജമായിട്ടില്ല.

ഗിഫ്റ്റ് സിറ്റിയുടെ ആസൂത്രണം ആഗോള നിലവാരത്തിലുള്ളതാണ്. കുടിവെള്ളം, ഡേറ്റാ കേബിൾ, മാലിന്യം പുറത്ത് കളയാൻ പ്രത്യേകം സജ്ജമാക്കിയ വാക്വം പൈപ്പ്, നഗരത്തിലെ മുഴുവൻ കെട്ടിടങ്ങളും ശീതീകരിക്കാനുള്ള വാതകം, തീകെടുത്താൻ അഗ്നിശമന സേന ഉപയോഗിക്കുന്ന പ്രത്യേക ദ്രാവകം ഇവയൊക്കെ കേന്ദ്രീകൃത സംവിധാനത്തിൻ കീഴിലാണുള്ളത്. വിതരണശൃംഖലയിലെ ഏത് തകരാറും നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാൻ കേന്ദ്രീകൃത സംവിധാനത്തിലൂടെ സാധിക്കുന്നു. നഗരത്തിലെ എല്ലാ കെട്ടിടങ്ങളും ഈ പൈപ്പ് ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മനുഷ്യ ഇടപെടലില്ലാത്ത മാലിന്യ നിർമ്മാർജ്ജനം എടുത്തു പറയേണ്ടതാണ്. മാലിന്യം പ്രത്യേകസ്ഥലത്ത് നിക്ഷേപിച്ചാൽ വാക്വം പൈപ്പിലൂടെ സെക്കന്റുകൾക്കുള്ളിൽ നിർമ്മാർജ്ജന പ്ലാന്റിലെത്തും.

ബൃഹത്തും കാര്യക്ഷമവുമായ സഹകരണ പ്രസ്ഥാനങ്ങളാണ് ഗുജറാത്തിലേത്. 3.5 കോടി ജനങ്ങളുള്ള കേരളത്തിൽ 16,256 സഹകരണ സ്ഥാപനങ്ങളാണുള്ളത്. 6.25 കോടി ജനങ്ങളുള്ള ഗുജറാത്തിലാകട്ടെ 75,000 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കേരളത്തിലേത് പോലെ ഭരണകർത്താക്കളുടെ വയറ്റിപ്പിഴപ്പിന് വേണ്ടിയല്ലെന്ന് മാത്രം. ഇവയിൽ ഒന്നാമതാണ് രാജ്യത്തെ ഏറ്റവും വലിയ വളം നിർമ്മാതാക്കളായ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേഷൻ. കഴിഞ്ഞ സാമ്പത്തികവർഷം വിറ്റുവരവ് 40,152 കോടിയാണ്. സെനഗൽ, ഒമാൻ, യു.എ.ഇ, ജോർദ്ദാൻ എന്നിവിടങ്ങളിലും ഇഫ്‌കോയുടെ സാന്നിദ്ധ്യമുണ്ട്. അഞ്ചുകോടി കർഷകരാണ് ഗുണഭോക്താക്കൾ.

ലോകത്തിന് മാതൃകയായ സഹകരണ പ്രസ്ഥാനമായ അമുൽ ഗുജറാത്തിലാണ്. 36 ലക്ഷം ക്ഷീരകർഷകരാണ് അമുലിന്റെ ഉടമസ്ഥർ. മിൽമയിലെ പോലെ നാമമാത്ര ഉടമസ്ഥതയുള്ളവരല്ല. ലാഭവിഹിതത്തിനും അർഹതയുള്ള യഥാർത്ഥ ഉടമകൾ. പാലിന് മാത്രമല്ല പാൽ ഉപയോഗിച്ച് അമുൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ 65 ശതമാനം ലാഭവും കർഷകർക്കാണ്. ലാഭവിഹിതം ഉൾപ്പടെ ഒരു ലിറ്റർ പാലിന് 72 രൂപ മുതൽ 79 രൂപ വരെ കർഷകന് കിട്ടുന്നുണ്ട്. സബ്സിഡി നിരക്കിൽ കാലിത്തീറ്റയും അമുൽ നൽകുന്നു. മൃഗങ്ങൾക്കായി സർക്കാർ ഡോക്ടറുടെ സൗജന്യ സേവനം,​ ക്ഷീരകർഷകർക്കായി നിരവധി ക്ഷേമപദ്ധതികൾ എന്നിവയും അമുൽ നടപ്പാക്കുന്നു.

എടുത്തു പറയേണ്ട മറ്റൊരു മേഖല പൊതുഗതാഗത സൗകര്യങ്ങളാണ്. ജൻമാർഗ് എന്ന പേരിൽ 2009 ഒക്ടോബർ 14 ന് നടപ്പാക്കിയ ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ആഗോള അംഗീകാരം നേടി. 160 കിലോമീറ്റർ ദൂരത്തിൽ 162 പ്രത്യേക സ്റ്റേഷനുകൾ പദ്ധതിയിലുണ്ട്. നഗരഹൃദയത്തിലൂടെ പ്രത്യേക ട്രാക്കിലോടുന്ന ഇലക്ട്രിക് എ.സി ബസുകൾ പൊതുഗതാഗതം അനായാസമാക്കുന്നു. ബസുകളിൽ സ്ത്രീസുരക്ഷ ഉറപ്പ്.

മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് ഗുജറാത്ത് മാതൃകയുടെ ഉത്തമ ഉദാഹരണമാണ്. സംസ്ഥാനത്ത് നടക്കുന്ന മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി മണിക്കൂറുകൾക്കുള്ളിൽ പരിഹാരമുണ്ടാക്കുന്ന സംവിധാനമാണ് ഡാഷ് ബോർഡ്.

ഗുജറാത്തിനെ മികച്ചതാക്കാൻ ഇച്ഛാശക്തിയുള്ള ഭരണകൂടമാണ് അവിടെയുള്ളത്. ജീവിതം അനായാസമാക്കാൻ, ഭരണം അഴിമതി രഹിതമാക്കാൻ കേരളത്തിനും സാധിക്കും. അതിനുള്ള വിഭവങ്ങളും അവസരങ്ങളും ധാരാളമുണ്ട് ദീർഘവീക്ഷണത്തോടെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ നേതൃത്വമാണ് ഇല്ലാത്തത്.

ലേഖകൻ ബി.ജെ.പി സംസ്ഥാന വക്താവാണ് ഫോൺ - 9947576800.