25000 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്വേഷണത്തിന് എൻ ഐ എയും, പാക് പൗരന്റെ കസ്റ്റഡിക്കായി ഇന്ന് അപേക്ഷ നൽകും
കൊച്ചി: പുറങ്കടലിൽ 25000 കോടി രൂപയുടെ മെത്താംഫെറ്റമിൻ എന്ന മാരകലഹരിവസ്‌തു പിടികൂടിയ സംഭവത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താൻ അന്വേഷണത്തിന്റെ ഭാഗമായി എൻ ഐ എയും. സംഭവത്തിൽ പിടിയിലായ പാക് പൗരൻ സുബൈറിനെ എൻ ഐ എ സംഘം ചോദ്യം ചെയ്തു. ഭീകരവിരുദ്ധ സ്ക്വാഡും വിവരം ശേഖരിച്ചിട്ടുണ്ട്. കേസിൽ റിമാൻഡിലായ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്ന് അപേക്ഷ നൽകും. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
പിടിയിലായി അഞ്ചു ദിവസമായെങ്കിലും ഇന്നലെ രാവിലെയാണ് സുബൈറിന്റെ അറസ്റ്റ് എൻ സി ബി രേഖപ്പെടുത്തിയത്. ബലൂചി, ഉർദു ഭാഷകളിലാണ് കോടതിയുടെ ചോദ്യങ്ങളോട് ഇയാൾ പ്രതികരിച്ചത്. താൻ ഇറാനിയാണെന്ന് ഇയാൾ പറയുന്നുണ്ടെങ്കിലും പാകിസ്ഥാൻ പൗരനാണെന്നാണ് എൻ സി ബിയുടെ കണ്ടെത്തൽ. പ്രത്യേക സുരക്ഷയോടെയാണ് സുബൈറിനെ കോടതിയിൽ എത്തിച്ചത്.
മയക്കുമരുന്നിന്റെ ഉറവിടം ഇറാൻ-പാകിസ്ഥാൻ ബെൽറ്റ് തന്നെയാണെന്നാണ് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് ലഹരിവസ്തുക്കളുമായി അഞ്ചു ബോട്ടുകളാണ് കൊച്ചിയിൽ സമുദ്രാതിർത്തിയിൽ എത്തിയത്. നേവിയും എൻ സി ബിയും പിന്തുടരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് ബോട്ടുകളിലായി ആറുപേർ രക്ഷപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇന്ത്യൻ തീരം വഴിയുള്ള അന്താരാഷ്‌ട്ര ലഹരികടത്ത് തടയുന്നതിന് ഓപ്പറേഷൻ സമുദ്രഗുപ്‌തിന് കഴിഞ്ഞ വർഷമാണ് രൂപം നൽകിയത്. നാവികസേനയുടെ സഹായത്തോടെ എൻ സി ബി നടത്തിയ തിരച്ചിലിലാണ് ഇത്രയധികം ലഹരി കടത്ത് പിടിച്ചത്. സംഭവത്തിൽ ബോട്ടിൽ രക്ഷപ്പെട്ടവർ നാവികസേനയുടെ മുന്നിൽവച്ചാണ് മദർഷിപ്പ് തകർത്ത് രക്ഷപ്പെട്ടത്.
ആകെ 2525 കിലോഗ്രാം മെത്താംഫെറ്റമിൻ ആണ് പിടികൂടിയത്. ഉയർന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വർദ്ധിച്ചതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. 23 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കണക്കെടുപ്പ് പൂർത്തിയായത്.