''വിശ്വസിക്കൂ, ഞാൻ പ്രധാനമന്ത്രിയുടെ ഭാര്യാമാതാവാണ് ''

Wednesday 17 May 2023 4:41 AM IST

ന്യൂഡൽഹി: സുധാ മൂർത്തിയെ നമുക്കറിയാം. ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ. നാരായണ മൂ‌ർത്തിയുടെ ഭാര്യ. എഴുത്തുകാരി. ജീവകാരുണ്യ പ്രവർത്തക. പദ്മഭൂഷൺ ജേതാവ്. ലോകത്തെ സർവശക്തരായ രാഷ്ട്രനേതാക്കളിൽ ഒരാളും ഇന്ത്യൻ വംശജനുമായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂ‌ർത്തിയുടെ അമ്മ.

ലളിത വേഷം ധരിച്ച്,​ നിഷ്ക്കളങ്കമായി ചിരിച്ച് സംസാരിക്കുന്ന സുധാ മൂർത്തിയെ പക്ഷേ,​ ലണ്ടൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന് മനസിലായില്ല.

ഒരിക്കൽ ലണ്ടനിൽ പോയപ്പോഴുണ്ടായ രസകരമായ അനുഭവം സോണി ടെലിവിഷനിലെ 'ദ കപിൽ ശർമ്മ ഷോ"യിൽ സുധാമൂർത്തി പങ്കുവച്ചു.

സഹോദരിക്കൊപ്പമാണ് ലണ്ടനിൽ എത്തിയത്. വിമാനത്താവളത്തിൽ നൽകിയ ഫോമിൽ ലണ്ടനിലെ മേൽവിലാസം എഴുതണമായിരുന്നു. മകൻ റോഹൻ മൂർത്തിയും ലണ്ടനിലാണ് താമസം. മകന്റെ മേൽവിലാസം പൂർണമായി അറിയില്ലായിരുന്നു. അതിനാൽ '10 ഡൗണിങ് സ്‌ട്രീറ്റ് "എന്ന് എഴുതി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഒദ്യോഗിക വസതി. അത് കണ്ട് അമ്പരന്ന ഉദ്യോഗസ്ഥൻ ചോദിച്ചു : നിങ്ങളെന്താ തമാശ പറയുകയാണോ? അല്ല,​ ഞാൻ സത്യമാണ് പറയുന്നത്. അത് വിശ്വസിക്കാൻ ഉദ്യോഗസ്ഥന് കുറേസമയം വേണ്ടിവന്നു.

'എന്റെ മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞാൽ ആളുകൾക്ക് വിശ്വസിക്കാൻ പാടാണ്. 72 വയസുള്ള ഒരു സിമ്പിൾ സ്ത്രീ ആയ ഞാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാമാതാവാണെന്ന് പറ‍ഞ്ഞാൽ ആരും വിശ്വസിക്കില്ല" - സുധാ മൂർത്തി പറഞ്ഞു.

ഓസ്‌കർ ജേതാവ് ഗുനീത് മോംഗ, നടി രവീണ ടണ്ടൻ എന്നിവരുമായാണ് സുധാ മൂർത്തി ഷോയിൽ പങ്കെടുത്തത്. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയിലും സുധാ മൂർത്തി പങ്കെടുത്തിരുന്നു.