രാംചരണിന്റെ ഭാര്യയുമായി ഗോവ സന്ദർശിച്ചെന്ന് യുവാവ്, കൂട്ടമായി ആക്രമിച്ച് താരത്തിന്റെ ആരാധകർ

Tuesday 16 May 2023 9:46 PM IST

ഹൈദരാബാദ്: മഗധീര എന്ന രാജമൗലി ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന് ഏറെ പ്രിയങ്കരനായി മാറിയ താരമായിരുന്നു രാംചരൺ. ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തോടെ രാജമൗലിയ്ക്കൊപ്പം രാംചരണിന്റെയും താരപരിവേഷം രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചു. അത് കൊണ്ട് തന്നെ താരത്തെക്കുറിച്ചുള്ള വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്.

രാംചരണിനെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പിന്തുടരുന്നവർക്ക് ഏറെ പരിചിതയാണ് താരത്തിന്റെ ഭാര്യയായ ഉപാസന കാമിനേനി. 2012 ലാണ് ഇരുവരും വിവാഹിതരായത്. താരത്തെയും പത്നിയെയും കുറിച്ച് അടുത്തിടെ പുറത്തു വന്ന ഒരു അഭിമുഖം വിവാദമായിരുന്നു. സുനിഷ്ഠ് എന്ന രാംചരണിന്റെയും ഉപാസനയുടെയും സുഹൃത്ത് എന്നവകാശപ്പെടുന്ന യുവാവ് അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളായിരുന്നു വിവാദത്തിന് തുടക്കമിട്ടത്.

ഉപാസന തന്റെ സുഹൃത്താണെന്നും അവരുടെ ഓഡിയിൽ ഗോവയിൽ യാത്ര പോയിരുന്നു എന്നുമായിരുന്നു അഭിമുഖത്തിൽ യുവാവ് പറഞ്ഞത്. കൂടാതെ രാംചരൺ തന്നോട് ഉപാസനയെ പ്രണയത്തിൽ വീഴ്ത്താൻ സഹായിക്കാമോ എന്ന് ചോദിച്ചതായും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ സുനിഷ്ഠിനെതിരെ രാംചരണിന്റെ ആരാധകരുടെ വക ആക്രമണവുമുണ്ടായി. യുവാവിന്റെ ഫ്ളാറ്റിന് പുറത്ത് സംഘടിച്ചെത്തിയ ആരാധകർ രാംചരണിനോടും ഉപാസനയോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദിച്ചത്. ആക്രമണത്തിന് പിന്നാലെ യുവാവിനെക്കൊണ്ട് മാപ്പ് പറയിക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.