പൊന്നമ്പലമേട്ടിലെ പൂജ വിവാദം; വനം വികസന കോർപ്പറേഷന്റെ രണ്ട് ജീവനക്കാരെ അറസ്‌റ്റ് ചെയ്‌തു, പണം വാങ്ങിയോയെന്ന സംശയത്തിൽ വനംവകുപ്പ്

Tuesday 16 May 2023 11:41 PM IST

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ തമിഴ്‌നാട് സ്വദേശിയായ നാരായണൻ അനധികൃതമായി പൂജനടത്തിയ സംഭവത്തിൽ രണ്ട് വനം വികസന കോർപ്പറേഷൻ ജീവനക്കാർ കസ്‌റ്റഡിയിൽ. കെഎഫ്‌ഡിസി ഗവിയിലെ ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരെയാണ് വനംവകുപ്പ് അറസ്‌റ്റ് ചെയ്‌‌തത്.കെഎഫ്ഡിസി ഗവി സൂപ്പർവൈസറാണ് രാജേന്ദ്രൻ. തോട്ടം തൊഴിലാളിയാണ് സാബു. പൊന്നമ്പലമേട്ടിലേക്ക് നാരായണന്റെ സംഘത്തെ കടത്തിവിട്ടത് ഇവരാണെന്നാണ് വനംവകുപ്പ് കണ്ടെത്തൽ. ഇവർ പ്രതിഫലമായി പണംവാങ്ങിയോ എന്ന് വനംവകുപ്പിന് സംശയമുണ്ട്. അനധികൃതമായി അതിക്രമിച്ച് കയറിയതിന് വനംവകുപ്പ് നാരായണനെതിരെ കേസെടുത്തിട്ടുണ്ട്.

പച്ചക്കാനം ഫോറസ്‌റ്റ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഇയാൾ മുൻപ് ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്‌. സംഭവത്തിൽ പൊലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.

വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണൻ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. ദേവസ്വം ബോർഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ എത്തുകയായിരുന്നു. എന്നാൽ എപ്പോഴാണ് വീഡിയോ പകർത്തിയതെന്ന് വിവരമില്ല.ഒരാഴ്‌ച മുൻപാണ് എത്തിയത് എന്നാണ് സൂചന.