ആദ്യ വിമാനയാത്ര തന്നെ അഴിക്കുള്ളിലാക്കി; എല്ലാത്തിനും കാരണം ഒരു മുറിബീഡി
ബംഗളൂരു: ആകാശ എയർ ലെെനിന്റെ വിമാനത്തിനുള്ളിൽ ഇരുന്ന് ബീഡി വലിച്ച 56കാരൻ അറസ്റ്റിൽ. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ ഡ്യൂട്ടി മാനേജറുടെ പരാതിയിലാണ് പൊലീസ് നടപടി. രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള പ്രവീൺ കുമാറാണ് അറസ്റ്റിലായത്.
അഹമ്മദാബാദിൽ നിന്നാണ് ഇയാൾ വിമാനത്തിൽ കയറിയത്. എയർലെെൻസ് ക്രൂ അംഗങ്ങളാണ് പ്രവീൺ ടോയ്‌ലറ്റിൽ നിന്ന് പുകവലിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ പൊലീസിന് കെെമാറുകയായിരുന്നു. എന്നാൽ ഇത് തന്റെ ആദ്യ വിമാന യാത്രയാണെന്നും വിമാനത്തിലെ നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും പ്രവീൺ പൊലീസിനോട് പറഞ്ഞു.
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ താൻ ടോയ്‌ലറ്റിലിരുന്ന് പുകവലിക്കാറുണ്ടെന്നും വിമാനത്തിലും അങ്ങനെ ചെയ്യാൻ കഴിയുമെന്ന് കരുതിയാണ് പുകവലിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ പരിശോധനയ്ക്കിടെ പ്രവീണിൽ നിന്ന് ബീഡി കണ്ടെത്താൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് പൊലീസ് അറിയിച്ചു.