എറണാകുളം  ജനറൽ  ആശുപത്രിയിൽ ജീവനക്കാർക്കു നേരെ അതിക്രമം; യുവാവിനെതിരെ കേസ്

Thursday 18 May 2023 2:00 PM IST

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അതിക്രമം. രോഗികൾക്കൊപ്പമെത്തിയ ആളാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. ആലപ്പുഴ സ്വദേശി അനിൽകുമാർ എന്നയാളാണ് രാത്രി സംഘർഷമുണ്ടാക്കിയത്. വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ മദ്യപിച്ച് അനിൽകുമാ‌ർ അസഭ്യം പറഞ്ഞതായും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആശുപത്രി സംരക്ഷണനിയമപ്രകാരം കേസെടുത്തിട്ടുണ്ട്. രോഗിയ്ക്ക് ആശുപത്രിയിൽ പരിഗണന കിട്ടിയില്ല എന്ന് പറഞ്ഞാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്.

അതേസമയം, ഇന്നലെ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന കേസുകൾക്കെതിരെയുള്ള ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭായോഗം അനുമതി നൽകി. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന കേസുകൾ സമയബന്ധിതമായി വിചാരണ ചെയ്യാൻ ഓരോ ജില്ലയിലും ഒരു കോടതിക്ക് പ്രത്യേക ചുമതല,​ കേസന്വേഷണം 60 ദിവസത്തിനകം പൂർത്തിയാക്കണം,​ അതിന് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥൻ,​ എന്നിവ അടങ്ങിയതായിരുന്നു ഓർഡിനൻസ്.

ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ.വന്ദനാദാസ് കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.അത്യാഹിതവിഭാഗത്തിൽ അധികസുരക്ഷ ഉൾപ്പെടെ ഡോക്ടർമാരുടെ സംഘടനകൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചട്ടപ്രകാരം നിബന്ധനകൾ കൊണ്ടുവരും.