കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം; വിശാഖിനെതിരെ നടപടിയെടുത്ത് സി പി എം

Thursday 18 May 2023 3:31 PM IST

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ 'ആൾമാറാട്ട" വിവാദത്തിൽ നടപടിയെടുത്ത് സി പി എം. വിദ്യാർത്ഥി നേതാവ് വിശാഖിനെ ലോക്കൽ കമ്മിറ്രിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദേശ പ്രകാരമാണ് പ്ലാവൂർ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന വിശാഖിനെതിരെ നടപടിയെടുത്തത്.

കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന തിരിമറി ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. കോവളം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.

കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച യു.യു.സി ലിസ്റ്റിൽ തന്റെ പേരുണ്ട് എന്നറിവുണ്ടായിട്ടും അത് തിരുത്തിയില്ല. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് ജയിച്ച അനഘയ്ക്ക് പകരം വിശാഖ് ഭാരവാഹിയാകാൻ ശ്രമിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കമ്മീഷൻ കഴിഞ്ഞ ദിവസം അനഘയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇരുപത്തിയാറിനായിരുന്നു കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ആൾമാറാട്ടം നടന്നതിന് പിന്നാലെ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഇത് മരവിപ്പിച്ചു.വിഷയം ചർച്ച ചെയ്യാൻ 20ന് സിൻഡിക്കേറ്റ് യോഗം ചേരും.