കേന്ദ്ര മന്ത്രിസഭയിൽ വീണ്ടും മാറ്റം, കിരൺ റിജിജുവിന് പിന്നാലെ നിയമവകുപ്പ് സഹമന്ത്രിയെയും മാറ്റി, എസ് പി സിംഗ് ബാഘേലിന് നൽകിയത് ആരോഗ്യവകുപ്പ് സഹമന്ത്രി സ്ഥാനം

Thursday 18 May 2023 7:02 PM IST

ന്യൂഡൽഹി : കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിന് പിന്നാലെ സഹമന്ത്രിയായിരുന്ന എസ്.പി. സിംഗ് ബാഘേലിനെയും മാറ്റി. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സഹമന്ത്രിയായാണ് നിയമിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചു.

നേരത്തെ നിയമമന്ത്രി കിരൺ റിജിജുവിനെ ഭൗമശാസ്ത്ര വകുപ്പിലേക്ക് മാറ്റിയിരുന്നു. പകരം അർജുൻ രാേ മേഘ്‌വാളിനെ നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായും നിയമിച്ചിരുന്നു. അർജുൻ രാം മേഘ്‌വാൾ കേന്ദ്ര നിയമമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.

വിവാദം കത്തിനിൽക്കുന്ന സമയത്താണ് കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയത്. അതേസമയം എന്തുകൊണ്ടാണ് കിരൺ റിജിജുവിനെ നിയമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന കാര്യം വ്യക്തമല്ല. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയടക്കം വിമർശനം ഉന്നയിച്ച മന്ത്രി കൂടിയായിരുന്നു കിരൺ റിജിജു. ഇക്കാര്യത്തിൽ പല ജഡ്‌ജിമാരും വിയോജിപ്പ് അറിയിച്ചിരുന്നു. രണ്ടാം മോദി മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്നു കിരൺ റിജിജു. പിന്നീട് സ്‌പോർട്സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകി. 2021 ജൂലായ് ഏഴ് മുതൽ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ചുവരികയായിരുന്നു