മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമം : മൂന്ന് വീടുകളും പള്ളിയും ആക്രമിച്ചു
പോത്തൻകോട്: കഞ്ചാവ് വിൽപ്പന കേസിൽ അറസ്റ്റിലായ പ്രതി ജയിൽ മോചിതനായ ശേഷം വീടുകളിൽ കയറി കത്തിയുമായി ഭീഷണി മുഴക്കി ആക്രമണം നടത്തി. മൂന്ന് വീടുകളും സമീപത്തെ പള്ളിയും ആക്രമിച്ചു. കൊയ്ത്തൂർകോണം സ്വദേശി നവാസ് ആണ് വീടുകൾ ഉൾപ്പെടെ ആക്രമിച്ചത്. കൊയ്ത്തൂർക്കോണം സ്വദേശി ലിനു, ജാസ്മിൻ, ഹനീഫ എന്നിവരുടെ വീടുകളിലാണ് നവാസ് കത്തിയുമായി ഭീഷണി മുഴക്കി ആക്രമണം നടത്തിയത്. തനിക്കെതിരെ പാെലീസിന് വിവരം നൽകിയെന്നാരോപിച്ചായിരുന്നു ആക്രമണം. കൂടാതെ കൊന്നുകളയുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന സിസി കാമറ ദൃശ്യവും പുറത്തു വന്നു. ഇതിൽ ജാസ്മിന്റെ വീട്ടിൽ ഒരു ദിവസം അഞ്ചു തവണയാണ് ഇയാൾ ഭീഷണി മുഴക്കി എത്തിയത്. ഇതേ തുടർന്ന് പോത്തൻകോട് പൊലീസിൽ പരാതി നൽകി. രണ്ടുദിവസം മുമ്പ് കബറടി മുസ്ലിം ജമാഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി ഷിഹാബുദ്ദീനെ നവാസ് മർദ്ദിച്ചിരുന്നു. നവാസിനെതിരെ മംഗലപുരം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.