ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് വ്യാപാരികൾ; പ്രശ്നം പരിഹരിച്ചത് പണം നൽകി

Friday 19 May 2023 8:22 AM IST

ഇടുക്കി: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഒസ്സാന' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടതുപക്ഷ സംഘടനയായ കേരള വ്യാപാരി സമിതിയുടെ നേതാക്കൾ തടഞ്ഞു. കട്ടപ്പന മാർക്കറ്റിനുള്ളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് തടഞ്ഞത്.

സിനിമയുടെ അണിയറപ്രവർത്തകർ നഗരസഭയിൽ നിശ്ചിത തുകയടച്ച് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താനുള്ള മുൻകൂർ അനുമതി വാങ്ങിയിരുന്നു. ഇതുപ്രകാരം രാവിലെ അഭിനേതാക്കൾ അടക്കമുള്ളവർ മാർക്കറ്റിലെത്തുകയും ചെയ്തു.

എന്നാൽ ഈ സമയം കേരള വ്യാപാരി സമിതിയുടെ നേതാക്കളെത്തി ഇവരെ തടഞ്ഞു. ഷൂട്ടിംഗ് കച്ചവടത്തെ ബാധിക്കുമെന്നും മുപ്പതിനായിരം രൂപ വേണമെന്നുമായിരുന്നു ആവശ്യം. ഷൂട്ടിംഗ് മുടങ്ങിയാൽ നഷ്ടമുണ്ടാകുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞിട്ടും കേട്ടില്ല. ഒടുവിൽ പണം നൽകിയാണ് പ്രശ്നം പരിഹരിച്ചത്.

അതേസമയം, കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പണം കച്ചവടക്കാർക്ക് വീതിച്ചുനൽകിയെന്നുമാണ് സംഘടനാ പ്രതിനിധികൾ നൽകുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ അറിയിച്ചു.

Advertisement
Advertisement