പങ്കാളി കൈമാറ്റ കേസ്, വെട്ടേറ്റു മരിച്ച പരാതിക്കാരിയുടെ ഭർത്താവ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

Friday 19 May 2023 9:40 PM IST

കോട്ടയം: പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി കൊല്ലപ്പെട്ടതിന് പിന്നാലെ കുറ്റാരോപിതനായ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കൊലപാതകത്തിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഷിനോ മാത്യുവിനെയാണ് വിഷം ഉള്ളിൽചെന്ന് നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

സംസ്ഥാനത്ത് ഏറെ വിവാദമായ പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ ഏക പരാതിക്കാരിയായ യുവതിയെ വെട്ടേറ്റ നിലയിൽ വീട്ടുമുറ്റത്താണ് കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ മണർകാട് സ്വദേശിനിയായ 26കാരിയെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിൽ പ്രതിയായ യുവതിയുടെ ഭർത്താവ് ഷിനോ മാത്യുവാണ് ആക്രമണത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നാലെയാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു. മക്കൾ കളിക്കാൻ പോയിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. യുവതി നൽകിയ പരാതിയെത്തുടർന്നാണ് ഭർത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്‌‌തത്. യുവതിയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ വലിയ സംഘത്തെക്കുറിച്ചുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്. മെസഞ്ചർ, ടെലിഗ്രാമടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. കപ്പിൾ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങൾ കൈമാറിയിരുന്നത്.

ഒൻപത് പേർ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു. ബന്ധത്തിന് തയ്യാറാകാതെ വരുമ്പോൾ കുട്ടികളെയടക്കം ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. 2022 ജനുവരി മാസത്തിലാണ് യുവതിയുടെ ഭർത്താവടക്കം പൊലീസ് പിടിയിലായത്.