2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് എന്തിന്,​ കാരണം ഇതാണ്,​ വ്യക്തമാക്കി റിസർ‌വ് ബാങ്ക്

Saturday 20 May 2023 12:22 AM IST

ന്യൂഡൽഹി :നോട്ട് നിരോധനത്തെ തുടർന്ന് ഏഴു കൊല്ലം മുമ്പ് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. രാജ്യത്ത് വിപണ രംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത് വരെ ലക്ഷ്യമിട്ടാണ് 2000 രൂപ അവതരിപ്പിച്ചതെന്നാണ് റിസർവ് ബാങ്ക് നൽകുന്ന വിശദീകരണം.

2016ൽ 1000,​ 500 നോട്ടുകൾ നിരോധിച്ചപ്പോൾ കറൻസി ക്ഷാമം പരിഹരിക്കാനാണ് 2000 രൂപ നോട്ട് ഇറക്കിയത്

500, 200,100 നോട്ടുകൾ ലഭ്യമാക്കി ആ ലക്ഷ്യം നേടി. 2018 ൽ 2000 നോട്ടിന്റെ അച്ചടി നിർത്തി.

2000 നോട്ടിന്റെ 89ശതമാനവും 2017ന് മുമ്പ് ഇറക്കിയതാണെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. . നാലുമുതൽ അഞ്ചുവർഷം വരെയാണ് നോട്ടുകളുടെ കാലാവധി. അങ്ങനെ നോക്കുമ്പോൾ 2000 രൂപ നോട്ടുകളിൽ 89 ശതമാനത്തിന്റെ കാലാവധിയും തീർന്നതായും റിസർവ് ബാങ്ക് അറിയിച്ചു.

2018 മാർച്ച് 31ന് 6.73 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. (ആകെ കറൻസിയുടെ 37.3 %) 2023 മാർച്ച് 31ന് 3.62 ലക്ഷം കോടിയായി കുറഞ്ഞു ( 10.8% മാത്രം)​. ക്ലീൻ ഔട്ട് പോളിസിയുടെ ഭാഗമായാണ് പിൻവലിക്കുന്നത് എന്നാണ് ആർ.ബി.ഐ നൽകുന്ന വിശദീകരണം.

അതേസമയം വിനിമയത്തിൽ നിന്ന് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും നിലവിൽ ഈ നോട്ടുകൾ ഉപയോഗിക്കുന്നതിൽ തടസമില്ല. ഈ മാസം 23 മുതൽ സെപ്തംബർ 30 വരെ​ ജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ മാറ്റിയെടുക്കുകയോ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ചെയ്യാം.

രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാവുകയും കറൻസി ഉപയോഗം ഗണ്യമായി കുറയുകയും ചെയ്‌തെന്നാണ് സർക്കാരിന്റെ അവകാശവാദം. നോട്ട് പിൻവലിക്കുന്നതിലൂടെ കള്ളപ്പണം നിയന്ത്രിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന പരിധിയിൽ കവിഞ്ഞ പണത്തിന്‌ നികുതി ഈടാക്കാം. ഇതോടെ വരുന്ന നിയമസഭാ,​ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറഞ്ഞേക്കും.

2016 നവംബർ എട്ടിന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വിവാദ നോട്ട് നിരോധനത്തിന്റെ സന്തതിയാണ് 2000 രൂപ കറൻസി. റദ്ദാക്കിയ 500,​1000 നോട്ടുകൾക്ക് പകരം പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകൾ ഇറക്കി. കള്ളപ്പണം നിരോധിക്കാനെന്ന പേരിലായിരുന്നു കേന്ദ്ര നടപടി. അപ്രതീക്ഷിത നിരോധനത്തോടെ നോട്ട് മാറ്റാൻ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുമ്പിൽ ജനങ്ങൾ ക്യൂ നിന്നത് വിവാദമായി. അന്ന് നിരോധിച്ച 1000 രൂപ നോട്ട് പിന്നീട് അച്ചടിച്ചിട്ടില്ല.

Advertisement
Advertisement