ചതുർഭാഷാ നിഘണ്ടു പ്രകാശിതമായി

Saturday 20 May 2023 12:52 AM IST

തലശ്ശേരി: ദക്ഷിണേന്ത്യൻ ഭാഷകളെയാകെ സമന്വയിപ്പിച്ച് കൊണ്ടുള്ള ഞാറ്റ്യേല ശ്രീധരന്റെ ചതുർഭാഷാ നിഘണ്ടു പ്രകാശിതമായി. കാൽ നൂറ്റാണ്ടിലേറെ കാലത്തെ അശ്രാന്ത പരിശ്രമത്തിലൂടെ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകൾക്ക് വില മതിക്കാനാവാത്ത നിഘണ്ടു തയ്യാറാക്കി സമർപ്പിച്ചതിലൂടെ, 85 കാരനായ ശ്രീധരനെ തേടി ഗുണ്ടർട്ട് അവാർഡ്, ഇന്ത്യാ റീഡിങ്ങ് ഒളിമ്പ്യാട് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങളുമെത്തിയിരുന്നു. ഞാറ്റ്യേല ശ്രീധരന്റെ ചതുർഭാഷ നിഘണ്ടു പൂർണ രൂപത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതിന്റെ പ്രകാശനം പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖലാ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്. ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ കെ.എസ്.എസ്.പി.യു. ഹാളിൽ നടന്ന ചടങ്ങിൽ നിരൂപകനും , എഴുത്തുകാരനുമായ ഇ.പി. രാജഗോപാലൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറി പി.കുമാരൻ പുസ്തകം ഏറ്റുവാങ്ങി. കെ.ടി. ബാബുരാജ് പുസ്തക പരിചയം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ, നന്ദൻ പയ്യന്നൂർ, കെ.കെ. രമേഷ്, മുകുന്ദൻ മഠത്തിൽ, കെ.ആർ. സരിത, ഡോ. പ്രിയ വർഗ്ഗീസ്, വി.കെ.ബാലൻ, ടി.എം ദിനേശൻ, ചാലക്കര പുരുഷു, റാഫി പൂക്കോം സംസാരിച്ചു.

ചിത്ര വിവരണം: ഞാറ്റ്യേല ശ്രീധരന്റെ ചതുർഭാഷാ നിഘണ്ടു ഇ.പി. രാജഗോപാലൻ പ്രകാശനം ചെയ്യുന്നു.