പുറത്താക്കപ്പെട്ടവർക്ക് വ്യക്തിപരമായ അജൻഡയെന്ന് കാസിം ഇരിക്കൂർ
കോഴിക്കോട്: ഐ.എൻ.എല്ലിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് വ്യക്തിപരമായ അജൻഡയാണെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. വ്യക്തിതാത്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കസ് കൂടാരം മാത്രമാണ് അബ്ദുൾ വഹാബ് വിഭാഗമെന്ന് തിരിച്ചറിഞ്ഞ് നിരവധി പ്രവർത്തകർ പാർട്ടിയിലേക്ക് തിരിച്ചെത്തുന്നുണ്ട്.
വിമത വിഭാഗത്തിൽ നിന്ന് ഔദ്യോഗിക വിഭാഗത്തിലേക്കെത്തിയ സമദ് നരിപ്പറ്റയ്ക്ക് ഐ.എൻ.എൽ അംഗത്വവും ഉന്നതസ്ഥാനവും നൽകും. പുറത്താക്കപ്പെട്ടവരാൽ തെറ്റിദ്ധിക്കപ്പെട്ടവരെ ഐ.എൻ.എൽ സ്വീകരിക്കും. അതേസമയം നടപടിക്ക് വിധേയരായവരെ ആ കാലാവധിക്ക് ശേഷമേ തിരിച്ചെടുക്കൂ. മുസ്ലിംലീഗ് ഇടതുപക്ഷത്തേക്ക് വരുന്ന സാഹചര്യമുണ്ടായാൽ എൽ.ഡി.എഫിന്റെ താത്പര്യം സംരക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തർ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയായിരുന്ന സമദ് നരിപ്പറ്റ മുസ്ലിംലീഗ് രാഷ്ട്രീയം ഉപേക്ഷിച്ചാണ് ഐ.എൻ.എൽ വഹാബ് പക്ഷത്തിനൊപ്പം ചേർന്നത്. താൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഗൂഢസംഘത്തിന്റെ പിടിയിലാണ് തന്റെ മുൻ സംഘടനയെന്ന് തിരിച്ചറിഞ്ഞെന്നും സമദ് നരിപ്പറ്റ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെക്രട്ടേറിയറ്റ് അംഗം ശോഭ അബൂബക്കർ ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഹമീദ് എന്നിവരും പങ്കെടുത്തു.