ഓ‌ർഡിനൻസ് വഴി ഡൽഹി സർക്കാരിന്റെ അധികാരം മറികടക്കാൻ ബിജെപി ശ്രമം; കേന്ദ്രസ‌ർക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് കേജ്‌രിവാൾ

Saturday 20 May 2023 6:44 PM IST

ന്യൂ‌ഡൽഹി: സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമായി മൂന്നംഗ അതോറിറ്റിയെ നിയോഗിച്ചു കൊണ്ടുള്ള കേന്ദ്ര ഓർഡിനൻസിനെ നിശിതമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സർക്കാരിന്റെ അധികാര പരിധിയെക്കുറിച്ച് കോടതി വിധി നിലനിൽക്കേ പുതിയ ഓർഡിനൻസ് പുറത്തിറക്കിയത് കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരെയടക്കം നിയമിക്കാനും സ്ഥലംമാറ്റാനുമുള്ള അധികാരം ഡൽഹി സർക്കാരിനുണ്ടെന്ന സുപ്രീം കോടതി വിധിയെ ബിജെപി സർക്കാർ വെല്ലുവിളിക്കുകയാണെന്നും കേജ്‌രിവാൾ കുറ്റപ്പെടുത്തി. ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഡൽഹി സർക്കാരിൽ നിക്ഷിപ്തമായ ഭരണാധികാരങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് കേന്ദ്രസർക്കാർ പുതിയ ഓർഡിനൻസ് പുറത്തിറക്കിയത്. പുതിയ അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന മുറയ്ക്ക് ലഫ്. ഗവർണർക്കായിരിക്കും അന്തിമ തീരുമാനമെടുക്കാനാവുക. സുപ്രീം കോടതി വിധിയിലൂടെ പൂർണാധികാരം മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത് മറികടക്കാനാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടു വന്നതെന്നാണ് ആംആദ്മി നേരത്തെ വിഷയത്തിൽ പ്രതികരിച്ചത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും ആംആദ്മി കുറ്റപ്പെടുത്തി.