മണമ്പൂർ ഓവർബ്രിഡ്ജ് നിർമ്മിക്കും: നിതിൻ ഗഡ്കരി

Sunday 21 May 2023 4:43 AM IST

കല്ലമ്പലം: മണമ്പൂർ ബാല സുബ്രമണ്യ സ്വാമി ക്ഷേത്രത്തിനു പിൻഭാഗത്ത് പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66 കടന്നുപോകുന്നതിനാൽ അവിടെ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായി കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു. മാർച്ചിൽ 'അപാകത ഒഴിയാതെ ദേശീയ പാത നിർമ്മാണം" എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും നാട്ടുകാരുടെ ആവശ്യത്തിലും ഏതാനും ദിവസം മുൻപ് കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്ഥലം സന്ദർശിച്ചിരുന്നു.നാട്ടുകാരും ജനപ്രതിനിധികളും റോഡിന്റെ പ്രാധാന്യവും നാട്ടുകാരുടെ യാത്രാക്ലേശവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സമയം കഴിഞ്ഞുപോയെന്നും ശ്രമിക്കാമെന്നും പറഞ്ഞാണ് മന്ത്രി അന്ന് മടങ്ങിയത്. പ്രശ്നം കേന്ദ്ര ഗതാഗത മന്ത്രിയെ നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്തിയതോടെയാണ് ഓവർബ്രിഡ്ജ് പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയത്.പൊതുമരാമത്ത് റോഡിന് കുറുകെ ഗതാഗതം തടസമാകുന്ന രീതിയിൽ ദേശീയപാത 66 ന്റെ നിർമ്മാണം നടക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. കിളിമാനൂർ -ചാത്തൻപാറ -മണമ്പൂർ -വർക്കല റോഡിൽ മണമ്പൂർ ക്ഷേത്രത്തിനു സമീപത്താണ് പൊതുമരാമത്ത് റോഡിനെ മറികടന്ന് ദേശീയപാത കടന്നു പോകുന്നത് .രണ്ട് റോഡുകൾ തമ്മിൽ ക്രോസിംഗ് വരുന്ന ഇവിടെ ഓവർബ്രിഡ്ജോ അണ്ടർപാസോ നിലവിലെ പദ്ധതി രൂപരേഖയിലില്ല. അതിനാൽ പ്രധാന പൊതുമരാമത്ത് റോഡ്‌ ഇവിടെ രണ്ടായി വേർപെടും. ഹൈവേ പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് പൊതുമരാമത്ത് റോഡിൽകൂടി പഴയത് പോലെ പോയി മടങ്ങാൻ കഴിയാതാകും. ഭാവിയിലുണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ പൊതുമരാമത്ത് റോഡിൽ ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.