'എന്ത് ജനപ്രീതിയാ താങ്കൾക്ക്, എനിക്കൊരു ഓട്ടോഗ്രാഫ് വേണം'; മോദിയെ വാനോളം പുകഴ്ത്തി ബൈഡൻ, ഒപ്പം ഒരു പരാതിയും
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മോദിയുടെ ജനപ്രീതി കാരണം സ്വന്തം രാജ്യത്ത് തങ്ങൾക്കുണ്ടാകുന്ന 'തലവേദന'യെ കുറിച്ച് ബൈഡനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും മോദിയോട് തന്നെ പരാതിപ്പെട്ടു. ഹിരോഷിമയിൽ ജി 7 ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു മോദി തങ്ങൾക്കുണ്ടാക്കുന്ന 'ബുദ്ധിമുട്ടു'കളെക്കുറിച്ച് ബൈഡനും ആൽബനീസും തമാശരൂപേണ പരാതി ഉയർത്തിയത്. മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ബൈഡൻ പറഞ്ഞു.
'മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ല. എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ താങ്കൾക്ക് കഴിഞ്ഞു. അമേരിക്കയിലെത്തുന്ന മോദിയെ കാണാൻ രാജ്യത്തെ പ്രധാന പൗരന്മാരടക്കം തിരക്ക് കൂട്ടുകയാണ്. മോദിയുടെ പ്രസംഗം കേൾക്കാൻ ജനങ്ങളുടെ പ്രവാഹമാണ്. എനിക്ക് താങ്കളുടെ ഓട്ടോഗ്രാഫ് വേണം.'- ബൈഡൻ പറഞ്ഞു. ജി 7 ഉച്ചകോടിക്കിടെ ബൈഡൻ നടത്തിയ പരാമർശങ്ങൾ ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജി 7 ഉച്ചകോടിക്ക് ശേഷം പാപുവ ന്യൂഗിനിയ സന്ദർശിക്കുന്ന മോദി, ചൊവ്വാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തുന്നുണ്ട്. അവിടെ ഓസ്ട്രേലിയൻ സിഇഒമാരുമായും പ്രമുഖ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തുന്ന മോദി, ഇന്ത്യൻ വംശജരുമായി സിഡ്നിയിലെ ഒരു ചടങ്ങിൽ സംവദിക്കും.
ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കുകയാണ്. ഇതിനിടെയാണ് മോദി പ്രസംഗിക്കുന്ന പരിപാടികളിൽ പങ്കെടുക്കൻ ജനം ഇടിച്ച് കയറുകയാണെന്ന നേതാക്കളുടെ സാക്ഷ്യം. സിഡ്‌നിയിൽ ഇന്ത്യൻ വംശജരുമായി മോദി നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഒട്ടേറെ ആളുകളാണ് തന്റെ ഓഫീസിൽ ഇപ്പോഴും ബന്ധപ്പെടുന്നതെന്ന് ആന്തണി ആൽബനീസ് പറഞ്ഞു.