മഹേഷ് നാരായണന്റെ മമ്മൂട്ടി ചിത്രത്തിൽ ചാക്കോച്ചൻ

Monday 22 May 2023 6:00 AM IST

ഡിനോ ചിത്രത്തിനുശേഷം ആരംഭിക്കാൻ ഒരുങ്ങുന്നു

മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും. ദുബായിലും ലണ്ടനിലുമായി ചിത്രീകരിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടിയും മഹേഷ് നാരായണനും ഒരുമിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്.അതേസമയം മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകന്റെ മമ്മൂട്ടി ചിത്രവും ഡിനോ ചിത്രത്തിനുശേഷം തുടങ്ങാനുള്ള ആലോചനയുണ്ട്. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനം ഉണ്ടാകും. അങ്ങനെ സംഭവിച്ചാൽ ഇതിനുശേഷമായിരിക്കും മഹേഷ് നാരായണൻ ചിത്രം ആരംഭിക്കുകയുള്ളൂ. ടേക്ക് ഒാഫ്, സീ യു സൂൺ, മാലിക്, അറിയിപ്പ് എന്നീ ചിത്രങ്ങൾക്കുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മമ്മൂട്ടി ചിത്രത്തിന്റെ പ്രത്യേകത. അറിയിപ്പിൽ കുഞ്ചാക്കോബോബൻ ആയിരുന്നു നായകൻ. ലൊകാർണോ ചലച്ചിത്ര മേളയുടെ പ്രധാന മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രമായിരുന്നു അറിയിപ്പ്. 17 വർഷത്തിനുശേഷം പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും അറിയിപ്പ് സ്വന്തമാക്കിയിരുന്നു. ദിവ്യ പ്രഭ ആയിരുന്നു നായിക. കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്നാണ് നിർമ്മിച്ചത്.