ആശുപത്രിയിൽ വച്ച് മകൾ കാതിൽ പറഞ്ഞത് ഇക്കാര്യം,​ അത് ഒരിക്കലും മറക്കില്ലെന്ന് ബാല

Monday 22 May 2023 12:19 AM IST

അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ ബാല ആരോഗ്യം വീണ്ടെടുത്ത് സിനിമയിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ആശുപത്രിവാസ കാലത്ത് തനിക്കിുണ്ടായ അനുഭവങ്ങൾ തുറന്നുപറയുകയാണ് ബാല ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ. ഗുരുതരമായ അവസ്ഥയിലൂടെയാണ് താൻ കടന്നു പോയതെന്നും ഒരു ഘട്ടത്തിൽ വെന്റിലേറ്റർ‌ സഹായം നിറുത്തലാക്കണമെന്നു പോലും കുടുംബാംഗങ്ങളോട് ഡോക്ടർ പറഞ്ഞിരുന്നതായും ബാല വെളിപ്പെടുത്തുന്നു. സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അവയെന്നും ബാല കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ ക്രിട്ടിക്കലായി കിടന്നപ്പോൾ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്റെ മനസിൽ അവസാന നിമിഷങ്ങളായിരുന്നു അതൊക്കെ. മകളെ കാണണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏത് ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശം ഇല്ല. ദൈവത്തിന് പോലും ഇല്ല. ആശുപത്രിയിൽ വച്ച് ഞാൻ പാപ്പുവിനെ കണ്ടു. ഏറ്റവും മനോഹരമായ വാക്ക് ഞാൻ കേട്ടു. ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡ്.. . എന്നവൾ പറഞ്ഞു. ഇനിയുള്ള കാലം അതെപ്പോഴും എനിക്കോർമ്മയുണ്ടാകും. അതിന് ശേഷം ഞാൻ കൂടുതൽ സമയം അവളുടെ കൂടെ ചെലവഴിച്ചില്ല. കാരണം എന്റെ ആരോഗ്യം മോശമാകുകയായിരുന്നു . അത് അവൾ കാണരുതെന്ന് എനിക്കുണ്ടായിരുന്നു. ബാല പറഞ്ഞു നിറുത്തി. .