കെ‌എസ്‌ആർ‌ടിസി ബസിൽ യുവതിയ്‌ക്ക് നേരെ സഹയാത്രികന്റെ പീഡനശ്രമം; കണ്ണൂ‌ർ സ്വദേശി നിസാമുദ്ദീൻ പിടിയിൽ

Monday 22 May 2023 7:08 AM IST

മലപ്പുറം: കാഞ്ഞങ്ങാട് നിന്നും പത്തനംതിട്ടയ്‌ക്ക് വരികയായിരുന്ന കെഎസ്‌ആർ‌ടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയയാൾ പിടിയിൽ. കണ്ണൂർ സ്വദേശി നിസാമുദ്ദീൻ ആണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ ബസ് മലപ്പുറം വളാഞ്ചേരിയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.

ഇയാൾ ശല്യം തുടർന്നതോടെ യുവതി ബസിലെ എമർജെൻസി നമ്പരിൽ വിളിച്ച് പരാതിപ്പെട്ടു. തുടർന്ന് വളാഞ്ചേരി പൊലീസെത്തി നിസാമുദ്ദീനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.കോഴിക്കോട് വച്ചുതന്നെ നിസാമുദ്ദീൻ യുവതിയെ ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. തുടർന്ന് കണ്ടക്‌ടർ ഇടപെട്ട് ഇയാളെ സീറ്റ്‌മാറ്റിയിരുത്തി. എന്നാൽ മലപ്പുറമെത്തിയപ്പോൾ വീണ്ടും ശല്യംചെയ്യൽ തുട‌ർന്നതായാണ് സഹയാത്രികർ നൽകുന്ന സൂചന. തുടർന്നാണ് യുവതി പരാതി നൽകിയത്. ദിവസങ്ങൾക്കിടെ കെഎസ്‌ആർടിസി ബസിൽ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്.

തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ സിനിമാ പ്രവർത്തകയ്‌ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്‌ഠ കാണിക്കുകയും ചെയ്‌ത സംഭവത്തിൽ കോഴിക്കോട് സ്വദേശി സവാദ്(27)​ പിടിയിലായിരുന്നു. മൂന്നുപേ‌ർക്കിരിക്കാവുന്ന സീറ്റിൽ പരാതിക്കാരിയായ യുവതിയ്‌ക്കും മറ്റൊരു യുവതിയ്‌ക്കുമിടയിൽ വന്നിരുന്നായിരുന്നു പ്രതിയുടെ നഗ്നതാ പ്രദർശനം. സംഭവം യുവതി ക്യാമറയിൽ പകർത്തിയതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ബസിൽ നിന്നിറങ്ങിയോടിയ സവാദിനെ ബസ് കണ്ട‌ക്‌ടറും ഡ്രൈവറും നാട്ടുകാരും ചേ‌ർന്നാണ് പിടികൂടിയത്.