കോഴിക്കോട് യുവ ദമ്പതികൾക്ക് നേരെ അക്രമം; ഭാര്യയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത യുവാവിനെ മർദ്ദിച്ചു
കോഴിക്കോട്: ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ കോഴിക്കോട് നഗരത്തിൽ ആക്രമണം. രണ്ട് ബൈക്കിലായി പിന്തുടർന്നെത്തിയവർ ഭാര്യയെ ശല്യപ്പെടുത്തി. ഇത് ചോദ്യം ചെയ്‌തതിന് ഭർത്താവിനെ മർദ്ദിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തിൽ ക്രിസ്‌ത്യൻ കോളേജിന് സമീപം ട്രാഫിക് സിഗ്നലിൽ വച്ചാണ് സംഭവമുണ്ടായത്. സിനിമ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ദമ്പതികൾ.
രണ്ട് ബൈക്കിലായെത്തിയ അഞ്ചംഗ സംഘമാണ് യുവതിയെ ശല്യപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്‌തതോടെ യുവാവിന്റെ ചെകിട്ടത്തടിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. സംഭവമുണ്ടായയുടൻ രേഖാമൂലം പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. നടക്കാവ് പൊലീസിലും സിറ്റി ട്രാഫിക്കിലും പരാതി നൽകിയിരുന്നു. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും പൊലീസ് തിരക്കിയില്ലെന്നാണ് ഇരിങ്ങാടൻപള്ളി സ്വദേശിയായ അശ്വിൻ പറഞ്ഞത്. അശ്വിനും ഭാര്യയ്‌ക്കും നേരെയാണ് ബൈക്കിലെത്തിയ സംഘം അതിക്രമം നടത്തിയത്. കേസ് തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്ന് പൊലീസ് അറിയിച്ചതായാണ് യുവാവ് പറഞ്ഞത്.